രാജ്യതലസ്ഥാനത്തെ അതിരൂക്ഷമായ വായു മലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ എയർ പ്യൂരിഫയറുകൾക്ക് 18 ശതമാനം ചരക്ക് സേവന നികുതി (ജിഎസ്ടി) ഈടാക്കുന്നതിനെതിരെ ഡൽഹി ഹൈക്കോടതിയുടെ രൂക്ഷവിമർശനം.നഗരത്തിലെ വായു ഗുണനിലവാര സൂചിക ‘വളരെ മോശം’ മുതൽ ‘ഗുരുതരം’ വരെ രേഖപ്പെടുത്തുന്ന, പൊതുജനാരോഗ്യത്തിന് ഭീഷണിയായ സാഹചര്യത്തിൽ നികുതി കുറയ്ക്കാത്തതിനെതിരെയാണ് കോടതി കേന്ദ്ര സർക്കാരിനോട് അടിയന്തരമായി വിശദീകരണം ആവശ്യപ്പെട്ടത്.എല്ലാ പൗരന്മാർക്കും ശുദ്ധവായു ആവശ്യമാണെന്ന് കേസ് പരിഗണിച്ച ഹൈക്കോടതി നിരീക്ഷിച്ചു. “നിങ്ങൾക്ക് അത് ഉറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ, ചുരുങ്ങിയപക്ഷം ചെയ്യാൻ കഴിയുന്നത് എയർ പ്യൂരിഫയറുകളുടെ ജിഎസ്ടി കുറയ്ക്കുക എന്നതാണ്,” കോടതി അഭിപ്രായപ്പെട്ടു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഡൽഹി ശ്വാസംമുട്ടുന്ന സാഹചര്യത്തിൽ, പ്രതിദിനം 21,000 തവണയാണ് നാം ശ്വാസമെടുക്കുന്നതെന്നും, ഈ കടുത്ത മലിനീകരണത്തിന്റെ ദൂഷ്യഫലം കണക്കാക്കണമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.എയർ പ്യൂരിഫയറുകളെ മെഡിക്കൽ ഡിവൈസ് പട്ടികയിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ വിമർശം. ഈ പട്ടികയിൽ ഉൾപ്പെടുത്തിയാൽ നിലവിലെ 18 ശതമാനം ജിഎസ്ടി അഞ്ചുശതമാനമായി കുറയും. എയർ പ്യൂരിഫയറുകൾ മെഡിക്കൽ ഉപകരണങ്ങളുടെ പരിഗണന അർഹിക്കുന്നില്ലേ എന്ന ചോദ്യവും കോടതി ഉയർത്തി.
ഡൽഹി വായുമലിനീകരണം: എയർ പ്യൂരിഫയറിന് 18% ജിഎസ്ടി; കേന്ദ്രസർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി
