ദീപക് ആത്മഹത്യ ചെയ്ത സംഭവം; പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

അപകീർത്തികരമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.കോഴിക്കോട് പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് പരിഗണിക്കുന്നത്. നേരത്തെ കുന്നമംഗലം മജിസ്ട്രേറ്റ് കോടതി ജാമ്യപേക്ഷ തള്ളിയിരുന്നു. സ്വകാര്യ ബസില്‍ വച്ച്‌ വീഡിയോ ചിത്രീകരിച്ച ശേഷം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട വടകര സ്വദേശി ഷിംജിത മുസ്തഫക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തത്. ഷിംജിതയെ കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ അടുത്ത ദിവസം പോലീസ് കോടതിയില്‍ സമർപ്പിക്കും.ഷിംജിത അപ്ലോഡ് ചെയ്ത ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിനായി മറ്റാരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിച്ചു. ഷിംജിതയുടെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് അയച്ചെങ്കിലും ഫലം കിട്ടിയിട്ടില്ല.സമൂഹവിചാരണ നടത്തണമെന്ന ദുരുദ്ദേശത്തോടെയാണ് ഷിംജിത വീഡിയോ ചിത്രീകരിച്ച്‌ പ്രചരിപ്പിച്ചതെന്നും ഇതില്‍ മനംനൊന്താണ് ദീപക് ജീവനൊടുക്കിയതെന്നുമായിരുന്നു മജിസ്ട്രേറ്റ് കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചത്. ഇത് അംഗീകരിച്ച കോടതി ജാമ്യാപേക്ഷ തള്ളുകയായിരന്നു. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ മരണത്തില്‍ കുടുംബം നല്‍കിയ പരാതിയിലാണ് ഷിംജിതയെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *