കൊച്ചി: ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതി സുകാന്ത് സുരേഷിന് മുൻകൂർ ജാമ്യമില്ല. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സുകാന്തിനോട് കീഴടങ്ങണമെന്ന് കോടതി നിർദേശിച്ചു.ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ നേരത്തെ സുകാന്തിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. ഐബി ഉദ്യോഗസ്ഥനാണ് സുകാന്ത്. കേസിൽ പ്രതിയായതോടെ വകുപ്പുതല അന്വേഷണം നടത്തിയാണ് നടപടിയെടുത്തത്. സുകാന്തിനെതിരെ കേസെടുത്തെന്ന് പൊലീസ് ഐബിയെ അറിയിച്ചിരുന്നു.തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥയെ മാർച്ച് 24നാണ് റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ ആത്മഹത്യയ്ക്കു പിന്നാലെ സഹപ്രവർത്തകൻ സുകാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഉദ്യോഗസ്ഥയുടെ കുടുംബം രംഗത്തെത്തിയിരുന്നു. യുവതിയെ സുകാന്ത് സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്തുവെന്ന് ആരോപിച്ച കുടുംബം ഇതിനുള്ള തെളിവുകളും പൊലീസിന് കൈമാറിയിരുന്നു.
ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷിന് മുൻകൂർ ജാമ്യമില്ല, മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
