സ്കൂട്ടർ വെള്ളക്കെട്ടിലേക്ക് മറിച്ചിട്ട് ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയില്‍.വാവൂർ കൂടാംതൊടി മുഹമ്മദ് ഷരീഫിനെയാണ് കൊണ്ടോട്ടി ഡാൻസാഫ് സംഘം ബംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തത്.2013 ജൂലൈ 21-ന് രാത്രിയായിരുന്നു നാടിനെ നടുക്കിയ കൂട്ടക്കൊല. മുഹമ്മദ് ഷരീഫിന്റെ ഭാര്യ ഒളവട്ടൂർ മായക്കരതടത്തില്‍ സാബിറ (21), മക്കളായ ഫാത്തിമ ഫിദ (4), ഹൈഫ (രണ്ട്) എന്നിവരെ വെള്ളക്കെട്ടില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയെന്നാണ് കേസ്. കുടുംബവുമൊത്ത് കോഴിക്കോട്ടുനിന്ന് പെരുന്നാള്‍ വസ്ത്രങ്ങള്‍ വാങ്ങി വീട്ടിലേക്കുവരുമ്പോള് ടയർ പഞ്ചറായി അപകടത്തില്‍ പെടുകയായിരുന്നുവെന്നാണു മുഹമ്മദ് ഷരീഫ് നാട്ടുകാരോടു പറഞ്ഞത്. സംശയംതോന്നി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നെന്ന് തെളിഞ്ഞത്.ഇതിന് രണ്ടുമാസം മുമ്പ് പ്രതി ഭാര്യയുടെ പേരില്‍ 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് പോളിസി എടുത്തതായി പൊലീസ് കണ്ടെത്തി. ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിക്കായി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ അന്വേഷണസംഘം രൂപവത്കരിച്ച് തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് സാബിറയുടെ പിതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.
ഇൻഷുറൻസ് തട്ടാൻ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 12 വര്‍ഷത്തിന് ശേഷം പിടിയില്‍
