കൊച്ചി: നിൻ്റെ സ്വപ്നങ്ങൾക്കൊപ്പം ഈ സമൂഹം മുഴുവനുണ്ടാകും’ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഹൈക്കോടതി ഉത്തരവിൽ ഇതെഴുതി ചേർത്തത് നിരാലംബയായ ഒരു പെൺകുട്ടിക്ക് വേണ്ടിയാണ് ‘. പ്രായപൂർത്തിയാകും മുമ്പേ പീഡനത്തിനിരയായി മനസ് തകർന്നെങ്കിലും ഓൾ ഇന്ത്യ ഫോറൻസിക് സയൻസ് പ്രവേശന പരിക്ഷയിൽ യോഗ്യത നേടി വിദ്യാഭ്യാസം സ്വപ്നങ്ങളുടെ ആദ്യ പടി ചവിട്ടുകയാണ് അതിജീവിതയായ ഈ പെൺകുട്ടി.പീഡന കേസിൽ പ്രതിയായ അഭിഭാഷകന് മുൻകൂർ ജാമ്യം നിഷേധിച്ച ഉത്തരവിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പെൺകുട്ടിക്കൊപ്പമെന്ന് എഴുതി ചേർത്തത്. ഫോറൻസിക് സയൻസിൽ തുടർ പഠനമാണ് പ്ലസ് വൺ വിദ്യാർഥിയായ അതിജീവതയുടെ ആഗ്രഹമെന്ന് തിരിച്ചറിഞ്ഞതോടെയാണ് കോടതി അവൾക്കൊപ്പം നിന്നത്.രാവും പകലുമില്ലാതെ പഠിച്ചാണ് യോഗ്യത പരീക്ഷയെന്ന കടമ്പ കടന്നിരിക്കുന്നത്.കോടതി നൽകിയ പ്രതീക്ഷയും അഭിഭാഷകന്‍റെ കേസ് പരിഗണനക്കെത്തിയപ്പോൾ അതിജീവിതയുമായി സംസാരിച്ച് വിവരങ്ങൾ അറിയാൻ നിയോഗിച്ച വിക്ടിം റൈറ്റ് സെന്റർ പ്രൊജക്ട് കോ ഓർഡിനേറ്റർ പാർവതി എ. മേനോന്‍റെ സഹായവുമാണ് ഈ നേട്ടത്തിന് പെൺകുട്ടിക്ക് തുണയായത്. പരീക്ഷ വിജയിച്ച വിവരം പെൺകുട്ടി ആദ്യം പറഞ്ഞതും പാർവതിയോടാണ്. ഈ സന്തോഷം അവർ ജഡ്ജിയെ അറിയിച്ചു.
അതിജീവതയുടെ ആഗ്രഹത്തിനൊപ്പം നിന്ന് കോടതി; മനസാന്നിധ്യം വീണ്ടെടുത്ത് ഉന്നതപഠനത്തിന് യോഗ്യത നേടി വിദ്യാർഥിനി
