അഖ്‌ലാഖിനെ തല്ലിക്കൊന്ന കേസ് പിൻവലിക്കാനുള്ള ആവശ്യം കോടതി തള്ളി; യു.പി സർക്കാരിന് കനത്ത തിരിച്ചടി

ന്യൂഡൽഹി: പശുവിറച്ചി വീട്ടിൽ സൂക്ഷിച്ചുവെന്നാരോപിച്ച് ഡൽഹിക്കടുത്തുള്ള ദാദ്രിയിൽ മുഹമ്മദ് അഖ്ലാകിനെ  വീട്ടിൽക്കയറി തല്ലിക്കൊന്ന തീവ്ര ഹിന്ദുത്വവാദികൾക്കെതിരായ കേസുകൾ പിൻവലിക്കാനുള്ള ഉത്തർപ്രദേശിലെ യോദി ആദിത്യനാഥ് സർക്കാരിന്റെ ആവശ്യത്തിന് കോടതിയിൽ കനത്ത തിരിച്ചടി. കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രൊസിക്യൂഷൻ സമർപ്പിച്ച ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി സൂരജ്പൂർ സെഷൻസ് കോടതിയാണ് സർക്കാർ ആവശ്യം തള്ളിയത്. കേസിന്റെ വിചാരണ വേഗത്തിലാക്കണമെന്നും അഡീഷണൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് കോടതി ജഡ്ജി സൗരഭ് ദ്വിവേദി ഉത്തരവിട്ടു. കേസിൽ ദിവസേനയുള്ള വിചാരണ നടത്തണമെന്ന് കോടതി ഉത്തരവിട്ടു. അടിസ്ഥാന രഹിതവും നിലനിൽക്കാത്തതുമായ ആവശ്യമാണ് പ്രൊസിക്യൂഷൻ ഉന്നയിച്ചതെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. നിയമപരമായി യോഗ്യതയില്ലാത്തതാണ് സർക്കാർ ഹർജി. ഹർജിയിൽ പറയുന്ന കാര്യങ്ങൾക്ക് നിയമപരമായ അടിസ്ഥാനമില്ലെന്നും കോടതി നിരീക്ഷിച്ചു. ദൃക്‌സാക്ഷി മൊഴികളിൽ പൊരുത്തക്കേടുണ്ടെന്ന പ്രൊസിക്യൂഷൻ വാദവും കോടതി ഖണ്ഡിച്ചു. ഇത്തരം കാര്യങ്ങൾ വിചാരണ ഘട്ടത്തിലെ വിഷയമാണെന്നും കോടതി വ്യക്തമാക്കി. കേസ് പിൻവലിക്കാനുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ നീക്കത്തിനെതിരെ അഖ്‌ലാഖിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സി.ആർ.പി.സി സെക്ഷൻ 321 പ്രകാരമുള്ള സർക്കാരിന്റെ പ്രത്യേകാധികാരം ഉപയോഗിച്ചാണ് ആൾക്കൂട്ട കൊലപാതക കേസിലെ പ്രതികൾക്കെതിരായ കേസ് പിൻവലിക്കാൻ യോഗി സർക്കാർ ശ്രമിച്ചത്. ഗവർണറുടെ രേഖാമൂലമുള്ള അനുമതിയോടെയുള്ള കേസ് പിൻവലിക്കൽ അപേക്ഷ സെഷൻസ് കോടതിയിൽ സമർപ്പിച്ചു. കൊലപാതകം ഉൾപ്പെടെയുള്ള എല്ലാ കുറ്റങ്ങളും പിൻവലിക്കണമെന്നാണ് പ്രൊസിക്യൂഷൻ് നൽകിയ അപേക്ഷയിൽ ആവശ്യപ്പെട്ടത്. സംസ്ഥാന സർക്കാരിന്റെ നിർദേശ പ്രകാരമാണ് പ്രതികൾക്ക് എതിരായ കേസുകൾ പിൻവലിക്കാൻ ഗൗതംബുദ്ധ നഗർ അസിസ്റ്റന്റ് ജില്ലാ പ്ലീഡർ കോടതിയിൽ ഹർജി ഫയൽ ചെയ്തത്. 

Leave a Reply

Your email address will not be published. Required fields are marked *