അന്തരിച്ച മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ പ്രതിമ സ്ഥാപിക്കുന്നതിന് പൊതുപണം ഉപയോഗിക്കുന്നതിനെതിരെ ഡി എം കെ സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം.പ്രതിമയ്ക്ക് അനുമതി നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ നല്‍കിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ച് ഈ ചോദ്യം ഉന്നയിച്ചത്.പൊതുപണം ഉപയോഗിച്ച് എന്തിനാണ് മുൻകാല നേതാക്കളെ മഹത്വവല്‍ക്കരിക്കുന്നതെന്ന് കോടതി ആരാഞ്ഞു. തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയിലെ വല്ലിയൂർ വെജിറ്റബിള്‍ മാർക്കറ്റിന് സമീപം കരുണാനിധിയുടെ വെങ്കല പ്രതിമ സ്ഥാപിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെയായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. പൊതുസ്ഥലങ്ങളില്‍ പ്രതിമകള്‍ സ്ഥാപിക്കാൻ സർക്കാരിന് അനുമതി നല്‍കാൻ സാധിക്കില്ലെന്ന് മദ്രാസ് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് സുപ്രീം കോടതി ശരിവെക്കുകയും ചെയ്തു.ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ട് സമർപ്പിച്ച ഹർജി പിൻവലിച്ച്, ആവശ്യമെങ്കില്‍ ഉചിതമായ നടപടിക്കായി ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി തമിഴ്‌നാട് സർക്കാരിനോട് നിർദേശിച്ചു. പൊതു ഇടങ്ങളും നികുതിദായകരുടെ പണവും രാഷ്ട്രീയ നേതാക്കള്‍ക്കായി ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകള്‍ നടക്കുന്നതിനിടെയാണ് കോടതിയുടെ ഈ സുപ്രധാന ഉത്തരവ്.
കരുണാനിധിയുടെ പ്രതിമ സ്ഥാപിക്കുന്നതിന് പൊതുപണം ഉപയോഗിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി
