ഇടുക്കി ചീനിക്കുഴി കൂട്ടക്കൊലപാതക കേസില്‍ പ്രതി അലിയാക്കുന്നേല്‍ ഹമീദിനുളള ശിക്ഷ ഇന്ന് വിധിക്കും.കഴിഞ്ഞ ദിവസം തൊടുപുഴ അഡീഷണല്‍ സെഷൻസ് കോടതി ഹമീദ് കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. മകൻ മുഹമ്മദ് ഫൈസല്‍, മകന്‍റെ ഭാര്യ ഷീബ, ഇവരുടെ മക്കളായ മെഹ്റിൻ, അസ്ന എന്നിവരെ തീകൊളുത്തികൊന്നത് ഹമീദാണെന്ന് കോടതി കണ്ടെത്തി. പരമാവധി ശിക്ഷ തന്നെ പ്രതിക്ക് നല്‍കണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം.കുടുംബ വഴക്കും സ്വത്ത് തർക്കവും കാരണം 2022 മാർച്ച് 18 നാണ് വീട്ടിനുളളില്‍ കിടന്നുറങ്ങുകയായിരുന്ന നാലു പേരെയും ഹമീദ് പെട്രോള്‍ ഒഴിച്ച് ജീവനോടെ കത്തിച്ചത്. വീട്ടിലെ കിടപ്പുമുറി പുറത്തുനിന്ന് പൂട്ടിയ ശേഷമാണ് ഹമീദ് തീകൊളുത്തിയത്. വീട്ടിലെ വാട്ടർ ടാങ്ക് കാലിയാക്കിയ ശേഷം ജനല്‍ വഴി പെട്രോള്‍ നിറച്ച കുപ്പികള്‍ തീകൊളുത്തി അകത്തേക്ക് എറിയുകയായിരുന്നു. ബഹളം കേട്ട് അയല്‍വാസികള്‍ എത്തിയെങ്കിലും തീ ആളിപ്പടർന്നതിനാല്‍ ആരെയും രക്ഷിക്കാൻ സാധിച്ചില്ല. 71 സാക്ഷികളെ വിസ്തരിച്ച ശേഷമാണ് വാദം പൂർത്തിയായത്. സംഭവത്തിന് ദൃക്സാക്ഷികളുടേത് ഉള്‍പ്പെടെയുളള മൊഴികള്‍ പ്രോസിക്യൂഷന് അനുകൂലമായി.ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്നും ശ്വാസ തടസ്സം ഉള്‍പ്പെടെ ഉള്ള അസുഖങ്ങള്‍ ഉണ്ടെന്നും പ്രതി ഹമീദ് കോടതിയെ അറിയിച്ചു. പ്രതിയുടെ പ്രായം പരിഗണിക്കണമെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകൻറെ മറ്റൊരു വാദം. എന്നാല്‍ പരമാവധി ശിക്ഷ തന്നെ പ്രതിക്ക് നല്‍കണമെന്നാണ് പ്രൊസിക്യൂഷൻ വാദിച്ചത്. നാലു പേരെ ജീവനോടെ കത്തിച്ച ആളാണ് പ്രതി. നിഷ്കളങ്കരായ രണ്ട് കുട്ടികളെ പോലും വെറുതെ വിട്ടില്ല. പൊതുസമൂഹത്തിൻ്റെ മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണിതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
മകനെയും കുടുംബത്തെയും കൊന്ന ഹമീദിന്‍റെ വിധി ഇന്നറിയാം
