ഗുജറാത്തിലെ സൂറത്തില്‍ ഒൻപത് വർഷം മുൻപ് നടന്ന ഒരു സാധാരണ എടിഎം ഇടപാട് ബാങ്ക് ഓഫ് ബറോഡയ്ക്ക് വരുത്തിവെച്ചത് ലക്ഷങ്ങളുടെ ബാധ്യത.10,000 രൂപ പിൻവലിക്കാൻ ശ്രമിച്ച ഉപഭോക്താവിന് പണം ലഭിക്കാത്തതിനെത്തുടർന്നുണ്ടായ തർക്കത്തിലാണ് ഒടുവില്‍ ബാങ്കിന് വൻ തുക പിഴയൊടുക്കേണ്ടി വന്നത്.2017 ഫെബ്രുവരി 18-ന് സൂറത്തിലെ ഉധ്നയിലുള്ള എസ്ബിഐ എടിഎമ്മില്‍ നിന്നാണ് പരാതിക്കാരൻ 10,000 രൂപ പിൻവലിക്കാൻ ശ്രമിച്ചത്.കാർഡ് ഇട്ട് പിൻ നമ്പർ നല്‍കിയെങ്കിലും പണമോ രസീതോ വന്നില്ല. എന്നാല്‍ നിമിഷങ്ങള്‍ക്കകം അക്കൗണ്ടില്‍ നിന്ന് 10,000 രൂപ ഡെബിറ്റ് ആയതായി മെസേജ് ലഭിച്ചു.ഫെബ്രുവരി 21 ന് ബാങ്ക് ഓഫ് ബറോഡയുടെ ഡംഭാല്‍ ശാഖയില്‍ ഉപഭോക്താവ് രേഖാമൂലമുള്ള പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടർച്ചയായ ഇമെയിലുകള്‍ക്കും പരാതികള്‍ക്കും ബാങ്ക് കൃത്യമായ മറുപടി നല്‍കിയിരുന്നില്ല. റിസര്‍വ് ബാങ്കിനെയും മറ്റ് അധികാരികളെയും സമീപിച്ചു. കൂടാതെ, സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കുന്നതിനായി അദ്ദേഹം എസ്ബിഐയില്‍ ഒരു വിവരാവകാശ അപേക്ഷയും നല്കി. ഇതിനും പ്രതികരണമുണ്ടായില്ല. ഒടുവില്‍ ഡിസംബര്‍ 20ന് ഉപഭോക്തൃ ഫോറത്തെ സമീപിക്കുകയായിരുന്നു.തകരാര്‍ സംഭവിച്ച എടിഎം എസ്ബിഐയുടേതാണെന്നും ഇടപാടില്‍ പിഴവുണ്ടായിട്ടില്ലെന്ന് അവരുടെ രേഖകളില്‍ കാണുന്നുണ്ടെന്നും അതിനാല്‍ ബാങ്ക് ഉത്തരവാദിയല്ലെന്നും ബാങ്ക് ഓഫ് ബറോഡ വാദിച്ചു.എന്നാല്‍ ഉപഭോക്തൃ കമ്മീഷൻ ഈ വാദം തള്ളിക്കളഞ്ഞു. ആർബിഐ നിയമങ്ങള്‍ അനുസരിച്ച്, തുക അഞ്ച് ദിവസത്തിനുള്ളില്‍ തിരികെ നല്‍കണമായിരുന്നുവെന്നും എന്നാല്‍ ബാങ്ക് അത് ചെയ്തില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.ബാങ്കിന്റെ സേവനത്തില്‍ ഗുരുതരമായ വീഴ്ച കണ്ടെത്തിയ കോടതി 10,000 രൂപയും അതിന്റെ പലിശയും, കൂടാതെ പരാതിക്കാരനുണ്ടായ മാനസിക വിഷമത്തിനും നിയമപോരാട്ടത്തിനുമുള്ള നഷ്ടപരിഹാരവും ചേർത്ത് ഏകദേശം 3 ലക്ഷം രൂപ നല്കാൻ ഉത്തരവിടുകയായിരുന്നു. അതായത് യഥാർഥ തുകയുടെ 30 ഇരട്ടിയോളം ബാങ്ക് ഇപ്പോള്‍ നല്‍കണം.
എടിഎമ്മില്‍ നിന്നും 10,000 രൂപ പിൻവലിക്കാൻ ശ്രമിച്ചെങ്കിലും പണം വന്നില്ല; ബാങ്കിന് 3 ലക്ഷം രൂപ പിഴയിട്ട് കോടതി
