നിലവിലുള്ള നിയമ ചട്ടക്കൂടിനുള്ളില്‍ ഭർത്താവിനെതിരെ ഭാര്യ നല്‍കിയ അസ്വാഭാവിക ലൈംഗിക ബന്ധ പരാതി നിലനില്‍ക്കില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി.ഭിന്ദ് ജില്ലയിലെ യുവാവിനെതിരെ ഭാര്യ നല്‍കിയ പരാതിയില്‍ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ കോടതി മധ്യപ്രദേശ് ഹൈക്കോടതി ഗ്വാളിയോർ ബെഞ്ച് റദ്ദാക്കി. എഫ്‌ഐആറും കുറ്റപത്രങ്ങളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയില്‍ വാദം കേട്ട ജസ്റ്റിസ് മിലിന്ദ് രമേശ് ഫാഡ്‌കെ എന്നിവരാണ് വിധി പറഞ്ഞത്.പരാതിക്കാരി ഉന്നയിച്ച നിർബന്ധിത അസ്വാഭാവിക ലൈംഗിക പ്രവൃത്തികള്‍ സംബന്ധിച്ച ആരോപണങ്ങള്‍ മുഖവിലയ്‌ക്കെടുത്താല്‍ പോലും, അവ ദാമ്പത്യവുമായി ബന്ധപ്പെട്ടതാണെന്നും അതിനാല്‍ ഐപിസി സെക്ഷൻ 377 പ്രകാരം കുറ്റകൃത്യമല്ലെന്നും കോടതി നിരീക്ഷിച്ചു. നിയമഭേദഗതി പ്രകാരം ഓറല്‍, അനല്‍ പെനട്രേഷൻ എന്നിവയുള്‍പ്പെടെ ബലാത്സംഗത്തിലുള്‍പ്പെടുത്തി കുറ്റകൃത്യമാക്കിയിരുന്നു.എന്നാല്‍, സ്വന്തം ഭാര്യയുമായുള്ള ലൈംഗിക ബന്ധമോ ലൈംഗിക പ്രവൃത്തികളിലോ ഏർപ്പെടുന്നത് ബലാത്സംഗമല്ലെന്നും ഈ പശ്ചാത്തലത്തില്‍, ഭാര്യാഭർത്താക്കന്മാർക്കിടയില്‍ ആരോപിക്കപ്പെടുന്ന അത്തരം പ്രവൃത്തികള്‍ ഐപിസി 377-ാം വകുപ്പിന് കീഴില്‍ കൊണ്ടുവരാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം, സ്ത്രീധന പീഡനം, ആക്രമണം, ക്രിമിനല്‍ ഭീഷണി എന്നിവയുള്‍പ്പെടെയുള്ള ശേഷിക്കുന്ന കുറ്റങ്ങളില്‍ ഇടപെടാൻ കോടതി വിസമ്മതിച്ചു. ഭർത്താവിനെതിരെയുള്ള മറ്റു പരാതികളില്‍ തെളിവുകള്‍ പിന്തുണയ്ക്കുന്നുണ്ടെന്നും വിചാരണ വേളയില്‍ പരിശോധിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി.
ഭര്‍ത്താവ് അസ്വാഭാവിക ലൈംഗിക ബന്ധത്തിനിരയാക്കിയെന്ന് യുവതിയുടെ പരാതി, കേസെടുക്കാനാകില്ലെന്ന് കോടതി
