പീഡിപ്പിച്ചത് സ്വപ്നമെന്ന് പെണ്‍കുട്ടിയുടെ മൊഴി; പോക്സോ കേസില്‍ അറസ്റ്റിലായ വ്യോമസേനാ ഉദ്യോഗസ്ഥനെ കോടതി വെറുതെ വിട്ടു

ഉത്തർപ്രദേശ് കാണ്‍പൂരില്‍ ഭാര്യയുടെ പ്രായപൂർത്തിയാകാത്ത സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ വ്യോമസേനാ ഉദ്യോഗസ്ഥനെ വെറുതെ വിട്ടു കോടതി.വ്യോമസേനാ ഉദ്യോഗസ്ഥൻ അനുരാഗ് ശുക്ലയെയാണ് യു.പി.യിലെ പ്രത്യേക കോടതി പോക്‌സോ കേസില്‍ വെറുതെ വിട്ടത്. പീഡനമുണ്ടായതെന്നത് സ്വപ്നം കണ്ടതാണെന്ന പെണ്‍കുട്ടിയുടെ മൊഴിയിലാണ് കോടതി ഇയാളെ വെറുതെ വിട്ടത്.2019 ഓഗസ്റ്റ് മൂന്നിനാണ് സംഭവം നടക്കുന്നത്. ഭാര്യയുടെ സഹോദരിയായ 15-കാരി അനുരാഗ് ശുക്ലയുടെ വീട്ടില്‍ താമസിച്ചപ്പോള്‍ ഇയാള്‍ പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടി നൗബസ്ത പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതേ തുടർന്ന് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും 19 ദിവസം ജയിലില്‍ കിടക്കുകയും ചെയ്തിരുന്നു.ഈ കേസില്‍ ആണ് പെണ്‍കുട്ടി മൊഴി മാറ്റി നല്‍കിയിരിക്കുന്നത്. ആന്റിബയോട്ടിക് മരുന്നുകള്‍ കഴിച്ചിരുന്നതിനാല്‍, അർധബോധാവസ്ഥയിലായിരുന്നെന്നും ശുക്ല പീഡിപ്പിച്ചെന്ന് സ്വപ്നംകണ്ടാണ് ഒച്ചയുണ്ടാക്കിയതെന്നും വിചാരണവേളയില്‍ പെണ്‍കുട്ടി മൊഴിനല്‍കി. ഇതോടൊപ്പം തെറ്റിദ്ധാരണയുടെ പുറത്താണ് പരാതിനല്‍കിയതെന്ന് പെണ്‍കുട്ടിയുടെ പിതാവും സഹോദരിയും പറഞ്ഞു.ഇതേ തുടർന്നാണ് കോടതി ഇയാളെ വെറുതെ വിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *