രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ആദ്യ ബലാത്സംഗ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്‍റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും.ഗർഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചത് രാഹുലിന്‍റെ സുഹൃത്തായ ജോബി ജോസഫെന്നാണ് കേസ്.തിരുവനന്തപുരം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. എന്നാല്‍ മരുന്ന് എത്തിച്ചത് യുവതി ആവശ്യപ്പെട്ടത് കൊണ്ടാണെന്നും മരുന്ന് എന്തിനുള്ളതാണെന്ന് തനിക്ക് അറിയില്ലെന്നുമാണ് ഹർജിയില്‍ ജോബി ജോസഫ് പറയുന്നത്.ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച യുവതി അപകടാവസ്ഥയിലായതിനെ തുടർന്ന് രണ്ട് ആശുപത്രികളില്‍ ചികിത്സ തേടിയതിന്‍റെ രേഖകള്‍ നേരത്തെ പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു.കേസില്‍ ഒന്നാം പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ മുൻകൂർ ജാമ്യ ഹർജി ഇതേ കോടതി തള്ളിയതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.രണ്ടാമത്തെ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മൂൻകൂർ ജാമ്യം നല്‍കിയതിനെതിരെ സർക്കാർ സമർപ്പിച്ച ഹർജി ക്രിസ്തുമസ് അവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്.ബെംഗലൂരു സ്വദേശിനിയായ മലയാളിയെ ബലാല്‍സംഗം ചെയ്തെന്ന കേസില്‍ രാഹുലിന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.16 ദിവസത്തെ ഒളിവിന് ശേഷം തെരഞ്ഞെടുപ്പ് ദിവസം പുറത്തുവന്ന രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെച്ചിട്ടില്ല. മണ്ഡലത്തില്‍ വീണ്ടും സജീവമാകാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
‘ഗര്‍ഭഛിദ്രത്തിന് മരുന്ന് എത്തിച്ചു’; ബലാത്സംഗ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്‍റെ മുൻകൂര്‍ ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കും
