കോടതി നാടകത്തിനുള്ള വേദിയല്ല : ഭ്രൂണവുമായി കോടതിയിലെത്തിയ യുവാവിന് താക്കീത്

വാഹനാപകടത്തില്‍ ജീവൻ നഷ്ടമായി നവജാത ശിശുവിന്റെ ഭ്രൂണവുമായി കോടതിയിലെത്തിയ യുവാവിന് കോടതിയുടെ താക്കീത്.മധ്യപ്രദേശ് ഹൈക്കോടതിയിലാണ് ഈ അസാധാരണ സംഭവം. മധ്യപ്രദേശ് സ്വദേശിയായ യുവാവ്, മാരുതി സുസുക്കി കമ്പനിക്കെതിരെയുള്ള 200 കോടി രൂപയുടെ നഷ്ടപരിഹാര കേസിന്റെ ഭാഗമായാണ് കോടതിയില്‍ അലസിപ്പോയ ഭ്രൂണം സൂക്ഷിച്ച കുപ്പിയുമായെത്തിയത്.പരാതിക്കാരനായ യുവാവും കുടുംബവും സഞ്ചരിച്ചിരുന്ന മാരുതി സ്വിഫ്റ്റ് കാർ അപകടത്തില്‍പ്പെടുകയും അപകടസമയത്ത് കാറിലെ എയർബാഗുകള്‍ പ്രവർത്തിക്കാതിരിക്കുകയും ചെയ്തതാണ് ദാരുണമായ സംഭവത്തിന് ഇടയാക്കിയത്. ഈ അപകടത്തെത്തുടർന്ന് തന്റെ ഭാര്യയുടെ ഗർഭം അലസിയതായും തന്റെ കുഞ്ഞിനെ നഷ്ടപ്പെട്ടതായും യുവാവ് പരാതിയില്‍ പറയുന്നു.എന്നാല്‍ കാറിലെ സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച കാരണമാണ് തനിക്ക് കുഞ്ഞിനെ നഷ്ടമായതെന്ന് പരാതിക്കാരനായ യുവാവ് ആരോപിക്കുന്നു. തന്റെ വാദങ്ങള്‍ക്ക് ശക്തി പകരാനാണ് യുവാവ് കുപ്പിയില്‍ അലസിപ്പോയ കുട്ടിയുടെ ഭ്രൂണവുമായി എത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ജസ്റ്റിസ് വിവേക് അഗർവാള്‍, ഇത് അങ്ങേയറ്റം അനുചിതമായ പ്രവൃത്തിയാണെന്ന് നിരീക്ഷിച്ചു. ഇത്തരത്തില്‍ ഒരു വസ്തു കോടതിയില്‍ പ്രദർശിപ്പിക്കുന്നത് നിയമപരമായി അനുവദനീയമല്ലെന്ന് വ്യക്തമാക്കിയ കോടതി, യുവാവിനെ താക്കീത് ചെയ്യുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *