ഹൈദരാബാദ്: ഏകദേശം രണ്ട് പതിറ്റാണ്ട് നീണ്ട നിയമപോരാട്ടത്തിന് വിരാമമിട്ടുകൊണ്ട് ദമ്പതികള്‍ക്ക് വിവാഹമോചനം അനുവദിച്ച് തെലങ്കാന ഹൈക്കോടതി. ഭാര്യയ്ക്ക് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്നും തെലങ്കാന ഹൈക്കോടതി വിധിച്ചു. കഴിഞ്ഞ 17 വര്‍ഷമായി ദമ്പതികള്‍ വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു.അനുരഞ്ജനത്തിന് സാധ്യതയില്ലാത്ത വിധം വിവാഹജീവിതം തകര്‍ച്ചയിലേയ്ക്ക് എത്തിയെന്ന് ജസ്റ്റിസുമാരായ കെ ലക്ഷ്മണും നര്‍സിങ് റാവു നന്ദികൊണ്ടയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ദ്രോണംരാജു ശ്രീകാന്ത് ഫാനി കുമാറും ദ്രോണംരാജു വിജയലക്ഷ്മിയും തമ്മിലുള്ള ദാമ്പത്യ തര്‍ക്കം തുടങ്ങുന്നത് 2002 മെയ് മാസത്തിലാണ്. 2003ല്‍ മകള്‍ ജനിച്ചയുടനെ ദമ്പതികള്‍ വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങി. 2008ല്‍ ഭര്‍ത്താവ് വിവാഹമോചനം തേടി കുടുംബക്കോടതിയെ സമീപിച്ചു. കുട്ടിയുടെ ഭാവിക്ക് വേണ്ടി വീണ്ടും ഒന്നിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് ഭാര്യ ദാമ്പത്യ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനായി അപേക്ഷ നല്‍കി. കുടുംബ കോടതി ആദ്യം വിവാഹമോചനം അനുവദിച്ചെങ്കിലും ഭാര്യ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു.സഹകരിക്കാന്‍ താല്‍പ്പര്യമില്ലാത്തപ്പോള്‍ കക്ഷികളെ നിയമപരമായ വ്യവഹാരങ്ങളില്‍ തളച്ചിടുന്നത് ഒരു ഗുണവും ചെയ്യില്ലെന്ന് ഹൈക്കോടതി പറഞ്ഞു. വിവാഹം തുടരുന്നത് ഇരുകക്ഷികള്‍ക്കും വൈകാരികമോ സാമൂഹികമോ ആയ നേട്ടം നല്‍കുന്നതിനേക്കാള്‍ ശത്രുത വളര്‍ത്തുക മാത്രമേ ചെയ്യൂ എന്ന് ജസ്റ്റിസ് കെ ലക്ഷ്മണന്‍ പറഞ്ഞു.മൂന്ന് മാസത്തിനുള്ളില്‍ 50 ലക്ഷം രൂപ ഭാര്യയ്ക്ക് ജീവനാംശമായി ഭര്‍ത്താവ് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
17 വര്‍ഷം വേര്‍പിരിഞ്ഞു താമസം; ദമ്പതികള്‍ക്ക് വിവാഹമോചനം അനുവദിച്ച് കോടതി, ജീവനാംശം 50 ലക്ഷം
