കൊച്ചി: ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച 91കാരനായ പുത്തൻ കുരിശ് സ്വദേശിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ജീവിത സായാഹ്നത്തിൽ ഭാര്യയും ഭർത്താവും പരസ്പരം താങ്ങും കരുതലുമാകേണ്ടവരാണെന്ന് പറഞ്ഞുകൊണ്ടാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ജാമ്യം അനുവദിച്ചത്. കവി എൻ.എൻ. കക്കാട് അവസാന നാളുകളിൽ എഴുതിയ ‘സഫലമീ യാത്ര’ എന്ന കവിതയും ഉത്തരവിൽ ചേർത്തിട്ടുണ്ട്.ഭർത്താവിന് പരസ്ത്രീ ബന്ധമുണ്ടെന്ന 88കാരിയായ ഭാര്യയുടെ സംശയമാണ് പ്രശ്നങ്ങളുടെ തുടക്കം. എറണാകുളം ജില്ലയിലെ വടവുകോട് ചൂരക്കാട്ടില്‍ തേവനെതിരെ പുത്തന്‍കുരിശ് പോലീസ് വധശ്രമത്തിനാണ് കേസെടുത്തത്. കഴിഞ്ഞ മാസം 21 നാണ് ഭാര്യ കുഞ്ഞാളിയെ തേവൻ വെട്ടിപ്പരിക്കേൽപ്പിച്ചത്. വാക്കത്തി കൊണ്ടുള്ള വെട്ടിൽ കുഞ്ഞാളിയുടെ മുഖത്തും താടിയിലും കഴുത്തിലും ഗുരുതരമായി പരിക്കേറ്റിരുന്നു.
പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്ത തേവൻ കഴിഞ്ഞ ഇരുപത് ദിവസത്തിൽ അധികമായി തൃശൂർ വിയ്യൂർ ജയിലിലായിരുന്നു. കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഭാര്യ കുഞ്ഞാളി.വരിക സഖിയരികത്തു ചേര്‍ന്നു നില്‍ക്കൂ…പഴയൊരു മന്ത്രം സ്മരിക്കാം..അന്യോന്യം ഊന്നുവടികളായി നില്‍ക്കാം…. ഹാ സഫലമീ യാത്ര…ഹാ സഫലമീ യാത്ര … ! എന്ന കവിതാ ശകാലമാണ് വിധിന്യായത്തിൽ കോടതി ചൂണ്ടിക്കാണിച്ചത്.