ലഖ്നൗ: വ്യക്തികളെ അവരുടെ മതത്തിന്റെ അടിസ്ഥാനത്തിലല്ല കോടതി കാണുന്നതെന്നും, പ്രായപൂർത്തിയായ രണ്ട് വ്യക്തികൾക്ക് അവരുടെ ഇഷ്ടപ്രകാരം ഒരുമിച്ച് ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശമുണ്ടെന്നും അലഹബാദ് ഹൈക്കോടതി. മിശ്രമതസ്ഥരായ ലിവ്-ഇൻ പങ്കാളികൾക്ക് സംരക്ഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളിലാണ് അലഹബാദ് ഹൈക്കോടതിയുടെ ഈ സുപ്രധാന വിധി.ഉത്തർപ്രദേശിലെ വിവാദ മതപരിവർത്തന നിരോധന നിയമം (2021) ലിവ്-ഇൻ പങ്കാളികളുടെ മേൽ അടിച്ചേൽപ്പിക്കാനാകില്ലെന്നും കോടതി ശക്തമായ ഭാഷയിൽ വ്യക്തമാക്കി. പ്രായപൂർത്തിയായ രണ്ട് വ്യക്തികൾ തങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരം സമാധാനപരമായി ഒന്നിച്ച് ജീവിക്കുമ്പോൾ അവരെ ഹിന്ദുവായോ മുസ്ലിമായോ അല്ല കോടതി കാണുന്നത്.മറിച്ച്, തങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ച സ്വതന്ത്ര പൗരന്മാരായാണ് എന്ന് സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. പങ്കാളിയെ തിരഞ്ഞെടുക്കാനും അവരോടൊപ്പം ജീവിക്കാനുമുള്ള അവകാശം ഭരണഘടനയുടെ ആർട്ടിക്കിൾ 21 ഉറപ്പുനൽകുന്ന ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിന്റെ അവിഭാജ്യ ഘടകമാണെന്നും കോടതി ചൂണ്ടിക്കാട്ടി.തങ്ങളുടെ സമാധാനപരമായ ജീവിതത്തിന് കുടുംബാംഗങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നും ഭീഷണിയുണ്ടെന്നും ജീവന് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് 12 ഓളം മിശ്രമത ലിവ്-ഇൻ പങ്കാളികളാണ് കോടതിയെ സമീപിച്ചത്. ഉത്തർപ്രദേശിലെ യുപി പ്രൊഹിബിഷൻ ഓഫ് അൺലോഫുൾ കൺവേർഷൻ ഓഫ് റിലീജിയൻ ആക്റ്റിലെ വ്യവസ്ഥകൾ ലംഘിച്ചാണ് ഇവർ ഒരുമിച്ച് ജീവിക്കുന്നത് എന്നായിരുന്നു സ്റ്റേറ്റിന്റെ വാദം.എന്നാൽ ഈ വാദത്തെ കോടതി പൂർണ്ണമായും തള്ളി. ബലപ്രയോഗത്തിലൂടെയോ, വഞ്ചനയിലൂടെയോ, മറ്റു പ്രലോഭനങ്ങളിലൂടെയോ ഉള്ള മതപരിവർത്തനം നടന്നാൽ മാത്രമേ മേൽപ്പറഞ്ഞ നിയമം ബാധകമാകൂ എന്ന് കോടതി വ്യക്തമാക്കി. ഹർജിക്കാർ ആരും തന്നെ തങ്ങളുടെ മതം മാറിയിട്ടില്ലെന്നും തങ്ങളുടെ മതവിശ്വാസങ്ങൾ പിന്തുടർന്ന് തന്നെയാണ് ഒരുമിച്ച് ജീവിക്കുന്നതെന്നുമുള്ള വാദം കോടതി അംഗീകരിച്ചു.ഒരുമിച്ചു ജീവിക്കാൻ വേണ്ടി മാത്രം ആരെയും മതം മാറാൻ നിർബന്ധിക്കാനാകില്ല. സമൂഹത്തിന്റെയോ ബന്ധുക്കളുടെയോ എതിർപ്പുകൾ ഭരണഘടന പൗരന്മാർക്ക് നൽകുന്ന മൗലികാവകാശങ്ങൾക്ക് മുകളിലല്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, ഹർജിക്കാരായ പങ്കാളികൾക്ക് അവരുടെ ആവശ്യപ്രകാരം സംരക്ഷണം നൽകാൻ ബന്ധപ്പെട്ട ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശവും നൽകി.
കോടതിക്ക് ഹിന്ദുവെന്നോ മുസ്ലീമെന്നോ ഇല്ല’; ലിവ്-ഇൻ പങ്കാളികൾക്ക് ഭരണഘടനാ പരിരക്ഷയുറപ്പാക്കി അലഹബാദ് ഹൈക്കോടതി
