ന്യൂഡൽഹി:കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ടെന്ന കാരണത്താൽ മാത്രം ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ സർക്കാരുകൾക്ക് നിഷേധിക്കാനാവില്ലെന്ന് സുപ്രീംകോടതി വിധിച്ചു. തുടർച്ചയായി കരാർ കാലാവധി നീട്ടിലഭിച്ച തൊഴിലാളികൾക്കും ജീവനക്കാർക്കും സ്ഥിരപ്പെടുത്തലിന് അർഹതയുണ്ടെന്നും മാതൃകാ തൊഴിലുടമയെന്ന നിലയിൽ സ്ഥിരപ്പെടുത്തേണ്ട ഉത്തരവാദിത്തം സർക്കാരുകൾക്കുണ്ടെന്നും ജസ്‌റ്റിസുമാരായ വിക്രം നാഥും സന്ദീപ് മെഹ്‌തയും ഉൾപ്പെട്ട ബെഞ്ച് വിധിച്ചു.ജാർഖണ്ഡ് സർക്കാർ 2012ൽ കരാർ അടിസ്ഥാനത്തിൽ നിയമിച്ച 22 ജൂനിയർ എഞ്ചിനീയർമാരെ സ്ഥിരപ്പെടുത്താനാണ് സുപ്രീംകോടതി നിർദേശിച്ചത്. 2012 മുതൽ 10 വർഷക്കാലം ഇവർക്ക് കാലാവധി തുടർച്ചയായി നീട്ടിനൽകിയിരുന്നു. അനുവദനീയ തസ്‌തികകളായിട്ടും ഇവരെ സ്ഥിരപ്പെടുത്താൻ തയ്യാറാകാതെ 2023ൽ പിരിച്ചുവിട്ടു. ഹൈക്കോടതിയെ സമീപിച്ചെങ്കിലും കരാർ ജീവനക്കാർക്ക് സ്ഥിരപ്പെടുത്തൽ അവകാശപ്പെടാനാവില്ലെന്ന ന്യായം പറഞ്ഞ് തള്ളി. ഇതിനെതിരായ അപ്പീലാണ് സുപ്രീംകോടതി ഉത്തരവ്.
കരാർ ജീവനക്കാർക്ക് സ്ഥിരനിയമനത്തിന് അവകാശം : സുപ്രീംകോടതി
