ഗൂഢാലോചന തെളിയിക്കാന്‍ എളുപ്പമല്ല, പക്ഷെ പ്രതികള്‍ ശിക്ഷിക്കപ്പെട്ട കേസുകളുമുണ്ട്; ചര്‍ച്ചയായി കുറിപ്പ്

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വെറുതെ വിട്ടിരിക്കുകയാണ്. നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതില്‍ ദിലീപിനെതിരെ ഗൂഢാലോചനാക്കുറ്റം തെളിയിക്കാനാകത്തിനെ തുടര്‍ന്നാണ് നടനെയും മറ്റ് ചില പ്രതികളെയും വിചാരണക്കോടതി വെറുതെ വിട്ടത്. ഇതിന് പിന്നാലെ ഗൂഢാലോചനാക്കുറ്റവും അതിന്റെ നിയമവശങ്ങള്‍ തെളിയിക്കുന്ന രീതിയെയും കുറിച്ചുള്ള ചര്‍ച്ചകള്‍ ഉടലെടുത്തിരിക്കുകയാണ്.എഴുത്തുകാരനും രാഷ്ട്രീയനിരീക്ഷകനുമായ ദീപക് ശങ്കരനാരായണന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടുന്നുണ്ട്. ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ ഗൂഢാലോചനാക്കുറ്റം തെളിയിക്കുക എന്നത് ഏറെ ശ്രമകരമാണെന്ന് ദീപക് പറയുന്നു. ഗൂഢാലോചനക്കേസുകളില്‍ അത് തെളിയിക്കേണ്ട ബാധ്യത പ്രോസിക്യൂഷന് മാത്രമാണെന്നും പ്രതിയ്ക്ക് ഒന്നും തെളിയിക്കേണ്ട അവസ്ഥയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.അതേസമയം, രാജീവ് ഗാന്ധി കേസ് പോലെ ഗൂഢാലോചനാക്കുറ്റം തെളിയിക്കപ്പെട്ട കേസുകളെ കുറിച്ചും കുറിപ്പില്‍ ദീപക് സംസാരിക്കുന്നുണ്ട്. ഡല്‍ഹിയിലെ സഞ്ജയ് ചന്ദ്ര കേസാണ് അദ്ദേഹം പ്രധാന ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്. ഈ കേസില്‍ കുറ്റകൃത്യത്തിന് മുന്‍പുള്ള ഗൂഢാലോചനയേക്കാള്‍ കൃത്യം നടന്നതിന് ശേഷം തെളിവുകള്‍ നശിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളാണ് പ്രതിയെ കുടുക്കിയത്. നടിയെ ആക്രമിച്ച കേസിലും സമാനമായ സാഹചര്യമുണ്ടായിട്ടുണ്ടെന്ന് ദീപക് വ്യക്തമാക്കുന്നു.അതേസമയം, ഗൂഢാലോചന തെളിയിക്കാന്‍ കഴിയാത്തതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ കോടതി വെറുതെ വിട്ടത്. ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം, ആറാം പ്രതി പ്രദീപ് എന്നിവര്‍ എല്ലാ വകുപ്പുകളിലും കുറ്റക്കാരാണെന്നും കോടതി വിധിച്ചു. ബാക്കി പ്രതികളെയെല്ലാം വെറുതെ വിട്ടു.തനിക്കെതിരെയാണ് ഗൂഢാലോചന നടന്നതെന്നായിരുന്നു വിധിക്ക് പിന്നാലെ ദിലീപിന്റെ പ്രതികരണം. മഞ്ജു വാര്യര്‍ ക്രിമിനല്‍ ഗൂഢാലോചന ഉണ്ട് എന്ന പറഞ്ഞിടത്താണ് തനിക്കെതിരെ നീക്കങ്ങള്‍ ആരംഭിച്ചതെന്നും ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥയും കുറച്ച് ക്രിമിനല്‍ പൊലീസുകാരും ചേര്‍ന്ന് കള്ളക്കഥ മെനഞ്ഞെന്നുമായിരുന്നു ദിലീപ് പറഞ്ഞത്. കരിയറും ഇമേജും ജീവിതവും നശിപ്പിക്കാനുള്ള ശ്രമമാണ് നടന്നതെന്നും നടന്‍ പറഞ്ഞിരുന്നു.വിചാരണക്കോടതി വിധിക്കെതിരെ മേല്‍ക്കോടതികളെ സമീപിക്കുമെന്നാണ് സര്‍ക്കാര്‍അറിയിച്ചിരിക്കുന്നത്. അന്തിമ വിധി വരുന്നത് വരെ അതിജീവിതയ്ക്കൊപ്പം അന്വേഷണ സംഘവും പ്രോസിക്യൂഷനും ഉണ്ടാകുമെന്നും മേല്‍ക്കോടതികളില്‍ പോയി പോരാടുമെന്നും കേസിലെ അന്വേഷണ ഉദ്യോഗസ്ഥയായിരുന്ന ബി സന്ധ്യ ഐപിഎസ് പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *