വിവാഹവാഗ്ദാനം നൽകി സമ്മതത്തോടെയുള്ള ശാരീരികബന്ധം ബലാത്സംഗമല്ല; ആവർത്തിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: വിവാഹവാഗ്ദാനത്തിന്റെ അടിസ്ഥാനത്തിൽ പരസ്പരസമ്മതത്തോടെ നടന്ന ശാരീരികബന്ധത്തെ ബലാത്സംഗമായി കാണാനാവില്ലെന്ന് സുപ്രീംകോടതി ആവർത്തിച്ചു. പശ്ചിമബംഗാളിലെ യുവാവിന്റെപേരിലെ പോക്സോ കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം. സംഭവം നടന്ന് മൂന്നുവർഷത്തിനുശേഷം, പ്രായപൂർത്തിയായപ്പോഴാണ് പെൺകുട്ടി പരാതി നൽകിയതെന്നും ബലാത്സംഗം നടന്നതായി ഫൊറൻസിക് തെളിവുകളില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

പതിനഞ്ചുവയസ്സുണ്ടായിരുന്ന കാലത്താണ് പെൺകുട്ടിക്ക് യുവാവുമായി സമ്മതത്തോടെ ശാരീരികബന്ധമുണ്ടായിരുന്നത്. പ്രായപൂർത്തിയായശേഷമാണ് വിവാഹവാഗ്ദാനത്തിൽനിന്ന് യുവാവ് പിന്മാറിയത്. തുടർന്ന് പെൺകുട്ടി ബലാത്സംഗക്കേസ് നൽകുകയായിരുന്നു. വിവാഹവാഗ്ദാനമുണ്ടായിരുന്നതിനാൽ തന്റെ സമ്മതത്തോടെയാണ് ശാരീരികബന്ധം നടന്നതെന്ന് പെൺകുട്ടി വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. എഫ്ഐആർ റദ്ദാക്കാൻ വിസമ്മതിച്ച ഹൈക്കോടതിയുടെ നടപടി ചോദ്യംചെയ്ത് യുവാവ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *