കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് കരാറില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തള്ളി ഹൈക്കോടതി. വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹര്‍ജി രാഷ്ട്രീയ പ്രേരിതമെന്ന വിജിലന്‍സ് കോടതി പരാമര്‍ശവും ഹൈക്കോടതി റദ്ദാക്കി. വിചാരണക്കോടതി പരാമര്‍ശം അനാവശ്യമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി.പൊതുപ്രവര്‍ത്തകനായിരുന്ന കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവും കോണ്‍ഗ്രസ് എംഎല്‍എ മാത്യൂ കുഴല്‍നാടനുമാണ് സിഎംആര്‍എല്‍ -എക്‌സാലോജിക് കരാറില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജികള്‍ നല്‍കിയത്.
വിധി നിരാശപ്പെടുത്തിയില്ലെന്നും പോരാട്ടം അവസാനിപ്പിക്കില്ലെന്നും മാത്യൂ കുഴല്‍നാടന്‍ പ്രതികരിച്ചു. മുഖ്യമന്ത്രിക്കെതിരായ നിയമപോരാട്ടമാണ്. അനായാസമല്ലെന്ന ബോധ്യം ഉണ്ടായിരുന്നു. നിയമ യുദ്ധം തുടരും. സംസ്ഥാനത്തെ അഴിമതിക്കെതിരെ പോരാട്ടം തുടരുമെന്ന് ജനങ്ങള്‍ക്ക് കൊടുത്ത വാക്കാണ്. പച്ചയായ അഴിമതി നടന്നുവെന്നതില്‍ തനിക്ക് സംശയമില്ല.തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നുമായിരുന്നു മാത്യൂ കുഴല്‍നാടന്റെ പ്രതികരണം.