ചേന്ദമംഗലം കൂട്ടക്കൊലപാതക കേസ്; പ്രതി ഋതു ജയന് ജാമ്യം

നാടിനെ നടുക്കിയ ചേന്ദമംഗലം കൂട്ടക്കൊലപാതക കേസില്‍ പ്രതി ഋതു ജയന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം നല്‍കിയത്.2025 ജനുവരി 16നായിരുന്നു ചേന്ദമംഗലം കൂട്ടക്കൊല നടന്നത്. പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനീഷ (32) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഇവരുടെ അയല്‍വാസിയാണ് ഋതു. തൻ്റെ കുടുംബത്തെ നിരന്തരം ആക്ഷേപിച്ചതും സഹോദരിയെപ്പറ്റി വിനീഷയുടെ ഭർത്താവ് ജിതിൻ ബോസ് മോശമായി സംസാരിച്ചതുമാണ് കൂട്ടക്കൊല നടത്താനുള്ള കാരണമെന്നായിരുന്നു ഋതു ജയന്‍റെ വാദം.ജിതിനെ ഋതു ആക്രമിക്കാൻ ചെന്നപ്പോള്‍ ആദ്യം ജിതിൻ്റെ ഭാര്യ വിനീഷയാണ് പുറ‍ത്തിറങ്ങിവന്നത്. വിനീഷയെ അടിച്ച്‌ വീഴത്തിയ ശേഷം പിന്നാലെ വന്ന ജിതിനെ തലയ്ക്കടിച്ച ശേഷം കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ശബ്ദം കേട്ട് വന്ന വേണുവിനെയും ഉഷയെയും തലയ്ക്കടിച്ചുവീഴ്ത്തി.കൊലപാതകത്തിന് പിന്നാലെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ബെംഗളൂരുവില്‍ ജോലി ചെയ്തിരുന്ന പ്രതി കൊലയ്ക്ക് രണ്ട് ദിവസം മുൻപായിരുന്നു നാട്ടില്‍ എത്തിയത്. ഇയാളുടെ ആക്രമണത്തില്‍ ജിതിൻ ബോസിന് തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. മൂന്ന് മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് ജിതിന് അധുപത്രി വിടാനായത്.സ്ഥിരം ശല്യക്കാരനായിരുന്നു ഋതു എന്ന വിവരങ്ങളും പുറത്തുവന്നിരുന്നു. രാത്രി സമീപത്തെ വീടുകളുടെ ടെറസില്‍ കയറി കിടക്കുമെന്നും സ്ത്രീകളെ ജനലിലൂടെ വിളിച്ചു ശല്യം ചെയ്യുമെന്നുമാണ് ഋതുവിനെതിരെ ഉയർന്ന ആരോപണം. ഋതു പരിസവാസികളായ സ്ത്രീകളെ സ്ഥിരം ശല്യം ചെയ്യുന്ന ആളാണെന്നും നാട്ടുകാർ ആരോപിച്ചിരുന്നു. പിന്നാലെ ഋതുവിന് മേല്‍ കാപ്പ ചുമത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *