പണമടച്ച് ബുക്ക് ചെയ്ത കാർ നൽകാതെ ഒൻപതുവർഷം ഉപഭോക്താവിനെ വട്ടംചുറ്റിച്ച കാർ ഡീലർ 29.10 ലക്ഷം രൂപ നൽകാൻ സംസ്ഥാന ഉപഭോക്തൃ തർക്കപരിഹാര കോടതി ഉത്തരവിട്ടു. കാസർകോട് മൗവ്വൽ സ്വദേശിയായ ഹംസ കുന്നിൽ നൽകിയ പരാതിയിലാണ് വിധി. 2016-ൽ 11.21 ലക്ഷം രൂപ നൽകി ബുക്ക് ചെയ്ത കാർ ലഭിക്കാത്തതിനെത്തുടർന്നാണ് ഹംസ നിയമപോരാട്ടം തുടങ്ങിയത്. വായ്പയായും നേരിട്ടും മുഴുവൻ തുകയും അടച്ചിട്ടും കാർ കൈമാറാൻ ഡീലർ തയ്യാറായിരുന്നില്ല.കോഴിക്കോട്ടുനിന്ന് കൊണ്ടുവന്ന കാർ വഴിയിൽ അപകടത്തിൽപ്പെട്ടുവെന്നായിരുന്നു ഡീലറുടെ വിശദീകരണം. പകരമായി പലിശ വാഗ്ദാനം ചെയ്തെങ്കിലും ഹംസ അത് നിരസിച്ചു. കാർ ഏറ്റെടുക്കാനായി മാത്രം പലതവണ വിദേശത്തുനിന്ന് നാട്ടിലെത്തേണ്ടി വന്ന ഹംസ ഒടുവിൽ കോടതിയെ സമീപിക്കുകയായിരുന്നു. പണമടച്ച തീയതി മുതൽ 14 ശതമാനം പലിശയും നഷ്ടപരിഹാരവും കോടതി ചെലവും അടക്കം 29.10 ലക്ഷം രൂപ നൽകാൻ ജില്ലാ ഫോറം വിധിച്ചു. ഇതിനെതിരെ ഡീലർ അപ്പീൽ നൽകിയെങ്കിലും സംസ്ഥാന ഉപഭോക്തൃ കോടതി മുൻ വിധി ശരിവെച്ചു. നീണ്ട ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ ഹംസയ്ക്ക് 24.95 ലക്ഷം രൂപയുടെ ആദ്യ ചെക്ക് കൈമാറി. ബാക്കി തുക കോടതി നിശ്ചയിച്ച അടുത്ത തീയതിയിൽ നൽകണം. അഡ്വ. സി. ഷുക്കൂർ ആണ് വാദിഭാഗത്തിന് വേണ്ടി കോടതിയിൽ ഹാജരായത്. നീതിക്കായി വർഷങ്ങളോളം കാത്തിരുന്ന ഒരു സാധാരണക്കാരന് ലഭിച്ച വലിയ വിജയമായാണ് ഈ വിധി വിലയിരുത്തപ്പെടുന്നത്.
കാർ ബുക്ക് ചെയ്ത് ഒൻപത് വർഷം വട്ടംചുറ്റിച്ചു; ഉപഭോക്താവിന് 29.10 ലക്ഷം രൂപ നൽകാൻ കോടതി ഉത്തരവ്
