താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ കുട്ടികളെ പത്താം ക്ലാസ് പരീക്ഷ എഴുതാൻ പോലീസ് സൗകര്യമൊരുക്കിയതിൽ വ്യപക വിമർശനം ഉയരുന്നുണ്ട്. എന്നാൽ കോടതി നിർദേശപ്രകാരം പോലീസ് സംരക്ഷണത്തിൽ കുറ്റാരോപിതരായ വിദ്യാർഥികൾ പരീക്ഷയെഴുതുന്നത് ഇതാദ്യമായല്ല. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള സ്വാഭാവിക നടപടി മാത്രമേ പോലീസ് കൈകൊണ്ടിട്ടുള്ളൂ. കുട്ടികൾ ക്രൈമിന്റെ ഭാഗമായാൽ, മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾക്ക് പെറ്റി ഒഫെൻസ്, മൂന്ന് മുതൽ ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾക്ക് സീരിയസ് ഒഫെൻസ്, ഏഴ് തൊട്ട് മുകളിലേക്ക് ഉള്ള വർഷങ്ങൾ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾക്ക് ഹീനിയസ് ഒഫെൻസ് എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്. ഇതിലെ ആദ്യ രണ്ട് വിഭാഗങ്ങൾ പ്രകാരമുള്ള കേസുകൾക്ക് പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പാടില്ല. ഹീനിയസ് ഒഫെൻസ് പ്രകാരം രജിസ്റ്റർ എഫ്ഐആർ റിപ്പോർട്ട് ചെയ്യേണ്ടത് മജിസ്‌ട്രേറ്റ് കോടതിയിൽ അല്ല. മജിസ്‌ട്രേറ്റും സാമൂഹ്യ പ്രവർത്തകരും സൈക്കോളജിസ്റ്റുകളും ചേർന്നുള്ള ജുവനൈൽ ജസ്റ്റിസ് ബോർഡ് എന്ന സംവിധാനത്തിലാണ് റിപ്പോർട്ട് ചെയ്യേണ്ടതും കുട്ടികൾ ഹാജരാകേണ്ടതും. ഈ നിയമപ്രകാരം ഏത് കുറ്റകൃത്യം ആണെങ്കിലും ജാമ്യക്കാരുടെ സാന്നിധ്യമില്ലാതെ തന്നെ കുട്ടികൾക്ക് ജാമ്യം നൽകണം എന്നാണ് നിയമം. താമരശ്ശേരിയിലെ വിദ്യാർത്ഥിയുടെ കൊലപാതകം ഹീനിയസ് ആയ ഒഫെൻസ് ആണ്. പക്ഷെ നിലവിൽ കേസിന്റെ അന്വേഷണം പോലും ആരംഭിച്ചിട്ടില്ല. ആ സാഹചര്യത്തിൽ കുട്ടികൾക്ക് സംരക്ഷണം ഒരുക്കേണ്ടത് നിയമവാഴ്ച നിലനിൽക്കുന്ന സർക്കാരിന്റെ ബാധ്യതയാണ്. അത്രമാത്രമേ ഇവിടെ ചെയ്തിട്ടുള്ളൂ.
അറസ്റ്റിലായാൽ പരീക്ഷയെഴുതാമോ…?
