രാഷ്ട്രീയമില്ലാത്ത കാമ്പസ്; സർവകലാശാലകൾ ചട്ടങ്ങൾ രൂപവത്ക്കരിക്കണം- ഹൈക്കോടതി

കൊച്ചി: കോളേജ് കാമ്പസുകൾ രാഷ്ട്രീയസ്വാധീനത്തിൽനിന്ന് മുക്തമാക്കാനുള്ള ചട്ടങ്ങൾക്ക് രൂപംനൽകാൻ ഹൈക്കോടതി സംസ്ഥാനത്തെ സർവകലാശാലാ സിൻഡിക്കേറ്റുകൾക്ക് നിർദേശംനൽകി. എം.ജി. യൂണിവേഴ്‌സിറ്റി 2005-ൽ തയ്യാറാക്കിയ ചട്ടങ്ങൾ മാതൃകയായി പരിഗണിച്ച് ചട്ടങ്ങൾക്ക് രൂപംനൽകാനാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് നിർദേശിച്ചിരിക്കുന്നത്.കലാലയരാഷ്ട്രീയം നിയന്ത്രിക്കാൻ നടപടിവേണമെന്നാവശ്യപ്പെട്ട് ചെങ്ങന്നൂർ സ്വദേശി എൽ.എസ്. അജോയ് ഫയൽചെയ്ത ഹർജിയിലാണ് ഇടക്കാല ഉത്തരവ്.എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥിയായിരുന്ന അഭിമന്യു കലാലയത്തിൽവെച്ചുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട പശ്ചാത്തലത്തിലായിരുന്നു ഹർജി.സർവകലാശാലകൾ തയ്യാറാക്കുന്ന ചട്ടങ്ങൾ ഹൈക്കോടതിയിൽ സമർപ്പിക്കണം. ചട്ടങ്ങൾ അഡീഷണൽ അഡ്വക്കറ്റ് ജനറലിന് കൈമാറണം. ഇതിൽ ഭേദഗതിവേണ്ടതുണ്ടെങ്കിൽ സർക്കാർ അറിയിക്കണമെന്നും കോടതി നിർദേശിച്ചു. വിഷയം മാർച്ച് നാലിന് വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *