പ്രമുഖ എഡ്യുക്കേഷണല്‍ ടെക് സ്ഥാപനമായ ബൈജൂസിന്‍റെ സ്ഥാപകൻ ബൈജു രവീന്ദ്രന് യുഎസ് കോടതിയില്‍ തിരിച്ചടി.1.07 ബില്യണിലധികം ഡോളര്‍(9600 കോടി രൂപ) പിഴ ചുമത്തി യുഎസിലെ ഡെലവെയര്‍ പാപ്പരത്ത കോടതി. കമ്ബനിയുടെ യുഎസ് ഫിനാൻസിങ് വിഭാഗമായ ബൈജൂസ് ആല്‍ഫയില്‍ നിന്ന് ഫണ്ട് നീക്കം ചെയ്യുകയും മറച്ചുവെക്കുകയും ചെയ്തതിന് ബൈജുവിന് ഉത്തരവാദിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഡിഫോള്‍ട്ട് വിധി.കോടതിയില്‍ ഹാജരാകാനും രേഖകള്‍ നല്‍കാനുമുള്ള നിർദേശങ്ങള്‍ പാലിക്കുന്നതില്‍ രവീന്ദ്രൻ ആവർത്തിച്ച് പരാജയപ്പെട്ടതിനെ തുടർന്നാണ് ഡെലവെയർ പാപ്പരത്ത കോടതിയിലെ ജഡ്ജി ബ്രെൻഡൻ ഷാനൻ ഡിഫോള്‍ട്ട് വിധി പുറപ്പെടുവിച്ചതെന്ന് ഒന്നിലധികം മാധ്യമ റിപ്പോർട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഒരു കക്ഷി വ്യവഹാരത്തില്‍ പങ്കെടുക്കാതിരിക്കുമ്ബോഴോ കോടതി ഉത്തരവുകള്‍ അവഗണിക്കുമ്ബോഴോ പുറപ്പെടുവിക്കുന്ന ഒരു വിധിയാണ് ഡിഫോള്‍ട്ട് വിധി. വിചാരണ കൂടാതെ കേസ് തീരുമാനിക്കാൻ ഇത് കോടതിയെ അനുവദിക്കുന്നു.ബൈജൂസിന്റെ 1.2 ബില്യണ്‍ ഡോളര്‍ ടേം ലോണ്‍ കൈകാര്യം ചെയ്യാൻ 2021-ല്‍ ഡെലവെയറില്‍ രൂപീകരിച്ച പ്രത്യേക കമ്ബനിയായ ബൈജൂസ് ആല്‍ഫയുമായി ബന്ധപ്പെട്ടതാണ് കേസ്. ഈ സ്ഥാപനത്തില്‍ നിന്ന് മിയാമി ആസ്ഥാനമായുള്ള ഹെഡ്ജ് ഫണ്ടായ കാമ്‌ഷാഫ്റ്റ് ക്യാപിറ്റലിലേക്ക് 533 മില്യണ്‍ ഡോളര്‍ ട്രാൻസ്ഫർ ചെയ്തു. ഈ തുക പിന്നീട് അനുബന്ധ സ്ഥാപനങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടതിന് രവീന്ദ്രൻ വ്യക്തിപരമായി ഉത്തരവാദിയാണെന്ന് കോടതി വിധിച്ചു. വിശ്വാസപരമായ കടമ ലംഘിച്ചതിന് സഹായിച്ചതിന് 533 മില്യണ്‍ ഡോളറും കണ്‍വേർഷൻ, സിവില്‍ ഗൂഢാലോചന തുടങ്ങിയവക്ക് 540.6 മില്യണ്‍ ഡോളറും ഉള്‍പ്പെടെയാണ് മൊത്തം 1.07 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം വിധിച്ചത്.അതേസമയം, എല്ലാ ആരോപണങ്ങളും നിഷേധിച്ച ബൈജു രവീന്ദ്രൻ, യുഎസ് കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് അറിയിച്ചു. യുഎസ് കോടതി ഡിഫോള്‍ട്ട് വിധി ത്വരിതഗതിയില്‍ പുറപ്പെടുവിച്ചതാണെന്നും പ്രതിവാദം അവതരിപ്പിക്കുന്നതില്‍ നിന്ന് തന്നെ തടഞ്ഞുവെന്നും ബൈജു പറയുന്നു.
ബൈജു രവീന്ദ്രന് യുഎസ് കോടതിയില്‍ തിരിച്ചടി; 9600 കോടി രൂപ തിരിച്ചടയ്ക്കാൻ ഉത്തരവ്
