വായ്പക്കരാർ ലംഘനം: വിശാലിന്റെ ഹർജി തള്ളി, നടന്റെ ആവശ്യത്തിന് പ്രസക്തിയില്ലെന്ന് ഹൈക്കോടതി

ചെന്നൈ: വായ്പക്കരാർ ലംഘിച്ചെന്ന കേസുമായി ബന്ധപ്പെട്ട് 10 കോടി രൂപ കെട്ടിവെക്കാനുള്ള സമയം നീട്ടിക്കൊടുക്കണമെന്ന നടൻ വിശാലിന്റെ ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി. പണം കെട്ടിവെക്കാനുള്ള സമയപരിധിയും വിശാൽ നീട്ടിച്ചോദിച്ച സമയവും കഴിഞ്ഞ സാഹചര്യത്തിൽ ഹർജി അപ്രസക്തമാണെന്ന് ജസ്റ്റിസ് സി.വി. കാർത്തികേയനും ജസ്റ്റിസ് കെ. കുമരേഷ് ബാബുവുമടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാണിച്ചു.വായ്പയെടുക്കുമ്പോഴുളള കരാർലംഘിച്ച വിശാൽ സിനിമാ നിർമാണക്കമ്പനിയായ ലൈക്കയ്ക്ക് 21.90 കോടി രൂപ 30 ശതമാനം പലിശസഹിതം തിരിച്ചു നൽകണമെന്ന് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ വർഷം വിധിച്ചിരുന്നു. നവംബറിൽ ഈ വിധി സോപാധികം സ്റ്റേ ചെയ്ത കോടതി 10 കോടി രൂപ നാലാഴ്ചയ്ക്കകം കെട്ടിവെക്കാൻ വിശാലിനോട് ആവശ്യപ്പെട്ടു.പണംകെട്ടിവെക്കാൻ എട്ടാഴ്ചകൂടി സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് വിശാൽ ഹൈക്കോടതിയിൽ അപേക്ഷ നൽകി. പലതവണ നീട്ടിവെച്ച കേസ് ചൊവ്വാഴ്ചയാണ് കോടതി പരിഗണിച്ചത്. വിശാൽ ആവശ്യപ്പെട്ട സയമവും കഴിഞ്ഞസ്ഥിതിക്ക് ഹർജിയിലെ ആവശ്യത്തിന് പ്രസക്തിയില്ലെന്ന് കോടതി പറഞ്ഞു.തന്റെ നിർമാണക്കമ്പനിയായ വിശാൽ ഫിലിം ഫാക്ടറിക്കുവേണ്ടി ജി.എൻ. അൻപു ചെഴിയന്റെ ഗോപുരം ഫിലിംസിൽ നിന്ന് വിശാൽ 21.29 കോടി രൂപ വായ്പ വാങ്ങിയിരുന്നു. ഗോപുരം ഫിലിംസിനെ പിന്നീട് ലൈക്ക പ്രൊഡക്‌ഷൻസ് ഏറ്റെടുത്തു. 30 ശതമാനം പലിശസഹിതം വായ്പ പൂർണമായി തിരിച്ചടയ്ക്കുന്നതുവരെ വിശാൽ നിർമിക്കുന്ന സിനിമകളുടെ അവകാശം ലൈക്കയ്ക്ക് ആയിരിക്കും എന്ന് കരാറുണ്ടാക്കുകയും ചെയ്തു.എന്നാൽ, ഈ കരാർ മാനിക്കാതെ വിശാൽ സിനിമകൾ സ്വന്തമായി പുറത്തിറക്കിയതിനെത്തുടർന്നാണ് ലൈക്ക കോടതിയെ സമീപിച്ചതും അനുകൂലവിധി നേടിയതും.

Leave a Reply

Your email address will not be published. Required fields are marked *