ന്യൂഡൽഹി: ഗവർണർ, വഖഫ് വിഷയങ്ങളിലെ സുപ്രീം കോടതി ഇടപെടലുകൾക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി എം പി നിഷികാന്ത് ദുബെ. സുപ്രീം കോടതികൾ എല്ലാ നിയമങ്ങളും ഉണ്ടാക്കുകയാണെങ്കിൽ, പാർലമെന്റ് അടച്ചുപൂട്ടിയേക്കാം എന്നായിരുന്നു ദുബെയുടെ വിമർശനം.
സാമൂഹ്യ മാധ്യമമായ എക്സിലൂടെയായിരുന്നു ദുബെ വിമർശനം ഉന്നയിച്ചത്. ഗവർണർ, വഖഫ് വിഷയങ്ങളിൽ സുപ്രീം കോടതി നിർണായക ഇടപെടലുകൾ നടത്തിയതിൽ ബിജെപിക്കുള്ളിൽ വലിയ അമർഷമുണ്ടാക്കിയിരുന്നു. പാർലമെന്റ് പാസാക്കിയ നിയമങ്ങളിൽ കോടതി അനാവശ്യ ഇടപെടലുകൾ നടത്താൻ പാടില്ലെന്ന തരത്തിൽ ബിജെപി നേതാക്കൾ പ്രതികരിച്ചിരുന്നു. അവയുടെ തുടർച്ചയായാണ് ദുബെയുടെ പ്രതികരണവും.