ബംഗളൂരു സ്ഫോടന കേസ്; വിചാരണ നാല് മാസം കൊണ്ട് പൂർത്തീകരിക്കണമെന്ന് സുപ്രിംകോടതി

ന്യൂഡൽഹി: ബംഗളൂരു സ്ഫോടന കേസിൽ നാല് മാസം കൊണ്ട് വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രിംകോടതി. വിചാരണയ്ക്ക് ഒന്നരവർഷം ആവശ്യപ്പെട്ട എൻഐഎ പ്രത്യേക കോടതിയുടെ ആവശ്യം തള്ളി. ഇനി ഒരു കാരണവശാലും സമയം നീട്ടി നൽകില്ലെന്ന് ജസ്റ്റിസ് എം.എം. സുന്ദരേഷ്, ജസ്റ്റിസ് എൻ കോടീശ്വർ സിംഗ് എന്നിവരടങ്ങുന്ന ബെഞ്ച് അറിയിച്ചു.2008 ജൂലൈ 25ന് ബാംഗ്ലൂർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒമ്പത് സ്ഫോടനങ്ങളാണ് നടന്നത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പിഡിപി നേതാവ് അബ്ദുന്നാസിർ മഅ്ദനി ഉൾപ്പെടെയുള്ളവരാണ് ഈ കേസിൽ പ്രതിപ്പട്ടികയിലുള്ളത്. കഴിഞ്ഞ 16 വർഷമായി ഈ കേസിന്റെ നിയമനടപടികൾ തുടർന്നു വരികയാണ്.ബംഗളൂരു സിറ്റി പൊലീസും പിന്നീട് പ്രത്യേക അന്വേഷണ സംഘവുമാണ് കേസ് അന്വേഷിച്ചത്. ലഷ്കർ-ഇ-തൊയ്ബ (LeT) എന്ന ഭീകരസംഘടനയുമായി ബന്ധമുള്ളവരാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് വാദം. കേസിൽ ആകെ 32 പ്രതികളാണുള്ളത്. ഇതിൽ ഒന്നാം പ്രതിയായ തടിയന്റവിട നസീർ നിലവിൽ ജയിലിലാണ്.പിഡിപി അധ്യക്ഷനായ അബ്ദുന്നാസിർ മഅ്ദനിയെ ഈ കേസിലെ 31-ാം പ്രതിയായാണ് കർണാടക പൊലീസ് ഉൾപ്പെടുത്തിയത്. സ്ഫോടനത്തിന്റെ ഗൂഢാലോചനയിൽ പങ്കെടുത്തു എന്നതാണ് ഇദേഹത്തിന് മേൽ ചുമത്തിയിരിക്കുന്ന കുറ്റം. തടിയന്റവിട നസീറും സംഘവും സ്ഫോടനത്തിന് മുമ്പ് കുടകിലെ ലക്കിടിയിൽ വെച്ച് മഅ്ദനിയുമായി കൂടിക്കാഴ്ച നടത്തിയെന്നും ഗൂഢാലോചനയിൽ ഇദ്ദേഹത്തിന്റെ പിന്തുണയുണ്ടായിരുന്നു എന്നുമാണ് പ്രോസിക്യൂഷൻ വാദം. എന്നാൽ മഅ്ദനി ഈ ആരോപണങ്ങൾ പൂർണമായും നിഷേധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *