നിയമ കോളജുകളില്‍ ട്രാൻസ്‌ജെൻഡര്‍ വിഭാഗത്തിന് രണ്ട് അധിക സീറ്റ്; കോടതിയില്‍ തീരുമാനം അറിയിച്ച്‌ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ

കേരളത്തിലെ നിയമ കോളജുകളില്‍ ട്രാൻസ്ജെൻഡർ വിദ്യാർഥികള്‍ക്കായി രണ്ട് അധിക സീറ്റുകള്‍ക്ക് ഇടക്കാല അനുമതി നല്‍കിയതായി ബാർ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഹൈക്കോടതിയില്‍.നിലവിലുള്ള സീറ്റിന് പുറമേയാണ് (supernumerary seats) ഇത്. 2025-26 അധ്യയന വർഷത്തേക്ക് കേരളത്തിലെ എല്ലാ നിയമ കോളജുകളിലെയും മൂന്ന് വർഷത്തെ എല്‍എല്‍ബി കോഴ്‌സിനും അഞ്ച് വർഷത്തെ സംയോജിത എല്‍എല്‍ബി പ്രോഗ്രാമിനും ട്രാൻസ്ജെൻഡർ വിഭാഗത്തിനായി ഈ അധിക സീറ്റുകള്‍ സൃഷ്ടിക്കാനാണ് തീരുമാനം.എൻട്രൻസ് പരീക്ഷയില്‍ ഇസായ് ക്ലാര എന്ന വിദ്യാർഥി മികച്ച റാങ്കോടെ യോഗ്യത നേടിയിരുന്നു. എന്നാല്‍ പ്രോസ്പ്രക്റ്റസിലോ അലോട്ട്‌മെന്റ് ലിസ്റ്റിലോ ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികള്‍ക്ക് കാറ്റഗറി ഇല്ലാത്തത് കാരണം കോഴിക്കോട് ലോ കോളജില്‍ പ്രവേശനം നേടാനായില്ല. ഇതോടെയാണ്, ട്രാൻസ്ജെൻഡർ വിഭാഗത്തില്‍ സംവരണം ആവശ്യപ്പെട്ട് ഇസായ് ക്ലാര (Esai Clara) ഹൈക്കോടതിയെ സമീപിച്ചത്. ട്രാൻസ്‌ജെൻഡർ വിഭാഗത്തെ പ്രത്യേക ലിംഗമായി തന്നെ അംഗീകരിക്കണമെന്ന സുപ്രിംകോടതി വിധി ഉള്‍പ്പെടെ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.നേരത്തെ, ഉന്നത വിദ്യാഭ്യാസ വകുപ്പ് ലോ കോളജുകളില്‍ രണ്ട് അധിക സീറ്റ് അനുവദിക്കണമെന്ന് ബാർ കൗണ്‍സില്‍ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ബാർ കൗണ്‍സില്‍ തീരുമാനം അനന്തമായി നീണ്ടുപോയി. സംസ്ഥാനം അയച്ച കത്തിന് മറുപടി നല്‍കിയില്ല. പിന്നാലെ, പത്ത് ദിവസത്തിനകം വിഷയത്തില്‍ തീരുമാനം എടുക്കാൻ ഒക്ടോബർ 24ന് ഹൈക്കോടതി പുറപ്പെടുവിച്ച കർശന ഉത്തരവ് അനുസരിച്ചാണ് ബിസിഐ ഇടക്കാല അനുമതി നല്‍കിയത്. കോടതിയുടെ നിർദേശം പാലിച്ച്‌ ബാർ കൗണ്‍സില്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയെന്നത് സന്തോഷകരമായ കാര്യമാണെന്ന് ജസ്റ്റിസ് വി.ജി അരുണ്‍ പറഞ്ഞു.ഇതോടെ, സൂപ്പർന്യൂമററി സീറ്റുകള്‍ നടപ്പിലാക്കുന്നതിനായി സംസ്ഥാനത്തെ വിവിധ സർവകലാശാലകളുടെ അംഗീകാരം നേടേണ്ടതുണ്ട്. അതിനാല്‍, സംസ്ഥാനത്തെ മറ്റ് യൂണിവേഴ്‌സിറ്റികളെ കൂടി കക്ഷിചേർക്കാൻ കോടതി നിർദേശിച്ചു. വിഷയത്തില്‍, പൊതുവായ ഉത്തരവ് പുറപ്പെടുവിക്കുന്നതിനായി കേസ് നാളെ വീണ്ടും പരിഗണിക്കാൻ കോടതി മാറ്റി. പൊതുവായ ഉത്തരവ് വരുന്നതോടെ, മറ്റുള്ളവർക്കും കൂടി സഹായകരമാകുമെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *