കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കണം; കേന്ദ്രത്തോട് മദ്രാസ് ഹൈക്കോടതി

ചെന്നൈ: സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം എന്ന് കേന്ദ്ര സര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി. 16 വയസിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് നിരോധിക്കുന്നതിനായി ഓസ്ട്രേലിയയിലെ പോലെ ഒരു നിയമം നടപ്പിലാക്കുന്നതിനെക്കുറിച്ച് കേന്ദ്രം പരിഗണിക്കണം എന്നാണ് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശം.പ്രായപൂര്‍ത്തിയാകാത്തവര്‍ ഹാനികരമായ ഓണ്‍ലൈന്‍ ഉള്ളടക്കത്തിലേക്ക് ആകൃഷ്ടരാകുന്ന പ്രവണത വര്‍ധിച്ച് വരുന്നു എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അശ്ലീല ഉള്ളടക്കത്തിലേക്കുള്ള ആക്സസ് നിയന്ത്രിക്കുന്നതിന് രക്ഷാകര്‍തൃ വിന്‍ഡോ സേവനങ്ങള്‍ നല്‍കാന്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി തീര്‍പ്പാക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.ജസ്റ്റിസ് ജി ജയചന്ദ്രനും ജസ്റ്റിസ് കെ കെ രാമകൃഷ്ണനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് പ്രതികരണം. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കുട്ടികള്‍ വളരെ ദുര്‍ബലരാണെന്നും ഇക്കാര്യത്തില്‍ മാതാപിതാക്കളുടെ ഉത്തരവാദിത്തവും ഒരുപോലെ ഉയര്‍ന്നതാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. എന്നിരുന്നാലും ശക്തമായ സ്ഥാപനപരമായ സുരക്ഷാ സംവിധാനങ്ങള്‍ ആവശ്യമാണെന്ന് ജഡ്ജിമാര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *