ആഗോള അയ്യപ്പസംഗമത്തിന് അനുമതി നല്‍കി സുപ്രീംകോടതി. അയ്യപ്പസംഗമം നടത്താമെന്നുള്ള ഹൈക്കോടതിയുടെ ഉത്തരവില്‍ ഇടപെടാനില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.ആഗോള അയ്യപ്പ സംഗമത്തിന്‍റെ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാന്‍ പാടില്ല എന്നും സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു. മാത്രമല്ല സംഗമവുമായി ബന്ധപ്പെട്ട് എന്ത് പ്രശ്നം വന്നാലും ഉത്തരവാദിത്തം ദേവസ്വം ബോര്‍ഡിനായിരിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.പരാതിയുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കണമെന്നും ഹൈക്കോടതിയുടെ നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കണം അയ്യപ്പ സംഗമം നടത്താന്‍ എന്നും സുപ്രീംകോടതി ഉത്തരവിട്ടു.അയ്യപ്പസംഗമത്തിനെതിരെയുള്ള ഹർജികള്‍ തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഉത്തരവിറക്കിയത്. അയ്യപ്പ സംഗമത്തിനുള്ള നടപടികള്‍ നിർത്തിവയ്ക്കണമെന്ന ആവശ്യമാണ് ഹർജിക്കാർ ഉന്നയിച്ചിരുന്നത്. ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് എ.എസ്. ചന്ദുർക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.സംഗമത്തിന് പിന്നില്‍ രാഷ്ട്രീയലക്ഷ്യമുണ്ടെന്നാണ് ഹർജിക്കാര്‍ വാദിച്ചിരുന്നത്. ഹൈക്കോടതിയിലെ ഹർജിക്കാരായ വി.സി. അജികുമാറും അജീഷ് ഗോപിയും കൂടാതെ ഡോ.പി.എസ്. മഹേന്ദ്രകുമാറുമാണ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോർഡും തടസ ഹർജി ഫയല്‍ ചെയ്തിരുന്നു.
സംസ്ഥാന സര്‍ക്കാരിന് ആശ്വാസം; ആഗോള അയ്യപ്പസംഗമം നടത്താമെന്ന് സുപ്രീംകോടതി
