ദില്ലി: 2003ൽ ഓസ്‌ട്രേലിയയിലെ റെഡ്‌ഫെർണിൽ നടന്ന കൊലപാതകക്കുറ്റവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇന്ത്യക്കാരനെ വെറുതെ വിട്ട് ദില്ലി കോടതി. വിരലടയാളങ്ങൾ യഥാർത്ഥ ക്രൈം ഫയലുമായി പൊരുത്തപ്പെടാത്തതിനാൽ ഈ കേസ് നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. മുഹമ്മദ് ബഷീറുദ്ദീനെ (37) ആണ് കോടതി കുറ്റവിമുക്തനാക്കിയത്.
ഫോറൻസിക് റിപ്പോർട്ടുകൾ പരിഗണിച്ച ശേഷം ജൂൺ 13-ന് പുറപ്പെടുവിച്ച ഉത്തരവിൽ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് പ്രണവ് ജോഷി, മുഹമ്മദ് ബഷീറുദ്ദീനെ വെറുതെ വിടുകയായിരുന്നു. 2025 ജൂൺ 12ന് സിഎഫ്‌എസ്‌എല്ലിന്റെ സീൽ ചെയ്ത റിപ്പോർട്ട് ലഭിച്ചുവെന്നും തുറന്ന കോടതിയിൽ വച്ച് തുറക്കുകയാണെന്നും ജഡ്ജി പ്രഖ്യാപിക്കുകയായിരുന്നു. രേഖകൾ പരിശോധിച്ച ശേഷം 2025 മെയ് 17-ന് അറസ്റ്റിലായ മുഹമ്മദ് ബഷീറുദ്ദീന്റെ വിരലടയാളങ്ങൾ യഥാർത്ഥ എഫ്‌സിയുടെ (മറഞ്ഞിരിക്കുന്ന കുറ്റവാളി) വിരലടയാളങ്ങളുമായി യോജിക്കുന്നതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, മുഹമ്മദ് ബഷീറുദ്ദീനെ വെറുതെ വിടുകയാണെന്നും കോടതി പറഞ്ഞു.
2003 ജൂൺ 29 ന് റെഡ്ഫെർണിലെ ജെയിംസ് സ്ട്രീറ്റിൽ ഒരു സ്ലീപ്പിംഗ് ബാഗിനുള്ളിൽ ഷൗക്കത്ത് മുഹമ്മദ് എന്ന വ്യക്തിയുടെ മൃതദേഹം കണ്ടെത്തിയതാണ് കേസിനാധാരമായ സംഭവം. മയക്കുമരുന്ന് നൽകി ഇയാളെ ആക്രമിച്ച് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. വിദേശ രേഖകളിൽ പരാമർശിച്ചിരിക്കുന്ന യഥാർത്ഥ പ്രതിയുടെ പേര് ബഷീറുദ്ദീൻ മുഹമ്മദ് ആണെന്നും തന്റെ കക്ഷി മുഹമ്മദ് ബഷീറുദ്ദീൻ ആണെന്നും പ്രതി ഭാഗത്തിനു വേണ്ടി വേണ്ടി ഹാജരായ അഭിഭാഷകൻ ഫർഹത് ജഹാൻ റഹ്മാനി കോടതിയെ അറിയിച്ചു.