ന്യൂഡൽഹി : ലേല കുടിശ്ശിക വരുത്തിയവരിൽ നിന്ന് തുക തിരിച്ച് പിടിക്കുന്നതിനുള്ള നടപടി സംബന്ധിച്ച റിപ്പോർട്ട് ഫയൽ ചെയ്യാനുള്ള ഹൈക്കോടതി ഉത്തരവിനെതിരേ ഗുരുവായൂർ ദേവസ്വം നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ലേല കുടിശ്ശിക വരുത്തിയവരിൽ നിന്ന് അത് പിടിച്ച് എടുക്കുന്നതിനുള്ള നടപടികൾ സംബന്ധിച്ച റിപ്പോർട്ട് ഫയൽ ചെയ്യുന്നതിൽ നിന്ന് എന്തുകൊണ്ടാണ് ഗുരുവായൂർ ദേവസ്വം ഒഴിഞ്ഞ് മാറുന്നതെന്നും സുപ്രീം കോടതി ആരാഞ്ഞു.ഹൈക്കോടതി നിർദേശം ദേവസ്വങ്ങൾക്ക് അനുകൂലമാണെന്നും അതിന് എതിരെ എന്തിനാണ് അപ്പീൽ ഫയൽ ചെയ്തതെന്നും സുപ്രീം കോടതി ചോദിച്ചു. കുടിശ്ശിക വരുത്തിയവരിൽ നിന്ന് പലിശ സഹിതം പണം തിരിച്ച് പിടിക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ ആറ് മാസത്തിലൊരിക്കൽ ഫയൽ ചെയ്യാനായിരുന്നു കേരള ഹൈക്കോടതി നിർദേശിച്ചിരുന്നത്. എല്ലാ വർഷവും ജനുവരി, ജൂലൈ മാസങ്ങളിൽ ഈ റിപ്പോർട്ട് ഫയൽ ചെയ്യാനാണ് ദേവസ്വം ബെഞ്ച് നിർദേശിച്ചത്.കേരളത്തിലെ എല്ലാ ദേവസ്വം ബോർഡുകൾക്കും ആണ് ദേവസ്വം ബെഞ്ച് ഈ നിർദേശം നൽകിയിരുന്നത്. കുടിശ്ശിക തിരിച്ച് പിടിക്കുന്നതിന് റവന്യൂ റിക്കവറി ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുന്നതായും എന്നാൽ അവ ആറ് മാസത്തിൽ ഒരിക്കൽ കോടതിയെ അറിയിക്കുന്നത് പ്രായോഗികമല്ലെന്നുമാണ് ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെ നിലപാട്. അഭിഭാഷകൻ എം.എൽ. ജിഷ്ണുവാണ് ഗുരുവായൂർ ദേവസ്വം ബോർഡിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജർ ആയത്.
ലേല കുടിശ്ശിക: റിപ്പോർട്ട് ഫയൽചെയ്യുന്നതിൽ നിന്ന് ഗുരുവായൂർ ദേവസ്വം ഒഴിയുന്നതെന്തിന്?- സുപ്രീം കോടതി
