അതുല്യയുടെ മരണം : ഭര്‍ത്താവ് സതീഷിന്റെ ഇടക്കാല ജാമ്യം റദ്ദാക്കി, കൊലപാതകക്കുറ്റത്തിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് കോടതി

Oplus_16908288

തേവലക്കര കോയിവിള സ്വദേശിനി ടി. അതുല്യയെ (30) ഷാർജയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട കേസില്‍ ഭർത്താവ് ശാസ്താംകോട്ട മനക്കര സജി നിവാസില്‍ സതീഷ് ശങ്കറിന്റെ (40) ഇടക്കാല ജാമ്യം കോടതി റദ്ദാക്കി.പ്രിൻസിപ്പല്‍ സെഷൻസ് ജഡ്ജി എൻ.വി. രാജുവാണ് വിധി പറഞ്ഞത്. ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ സംഘത്തിൻറെ അപേക്ഷയിലാണ് നടപടി.അതേസമയം, കുടുംബം നല്‍കിയ പരാതിപ്രകാരം രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറില്‍ ആരോപിക്കുന്ന കൊലപാതക കുറ്റത്തിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്നാണ് കോടതി നിരീക്ഷണം. ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് സതീഷ് ശങ്കർ കൊല്ലം ക്രൈംബ്രാഞ്ച് ഓഫിസില്‍ ഹാജരായി. ഇയാളെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു. അവധിക്കുശേഷം കസ്റ്റഡിയില്‍ ലഭിക്കാൻ ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കും. ആത്മഹത്യ പ്രേരണ കുറ്റം പ്രോസിക്യൂഷൻ കോടതിയില്‍ ഉന്നയിച്ചില്ലെങ്കിലും പൊലീസ് റിമാൻഡ് റിപ്പോർട്ടില്‍ ഇത് ഉള്‍പ്പെടുത്തും. ഇതിനുള്ള തെളിവ് ശേഖരിക്കാൻ പ്രതിയെ കൂടുതല്‍ ചോദ്യംചെയ്യും.തേവലക്കര കോയിവിള സ്വദേശിനി അതുല്യയെ ഷാർജയിലെ ഫ്ലാറ്റില്‍ കഴിഞ്ഞ ജൂലൈ 19നാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ സ്ഥാപനത്തില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കേണ്ട അതുല്യ പിറന്നാള്‍ ദിനത്തില്‍ തന്നെ ജീവനൊടുക്കുകയായിരുന്നു. സംഭവം നടന്ന ദിവസം രാത്രി അതുല്യയുമായി സതീഷ് വഴക്കിട്ടിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇയാള്‍ കൂട്ടുകാരോടൊപ്പം അജ്മാനില്‍ പോയി പുലർച്ചെ നാലോടെ തിരിച്ചെത്തിയപ്പോഴാണ് അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.സഹോദരി അഖില ഷാർജ റോളയില്‍ തൊട്ടടുത്താണ് താമസിക്കുന്നത്. മരണത്തില്‍ സതീഷിന് പങ്കുണ്ടെന്ന് വ്യക്തമാക്കി അഖില പൊലീസില്‍ പരാതി നല്‍കി. പിന്നാലെ കെട്ടിടനിർമാണ കമ്ബനിയില്‍ എൻജിനീയറായ ഭർത്താവ് സതീഷിനെ കമ്ബനി പിരിച്ചുവിട്ടിരുന്നു. അതുല്യയെ ഭർത്താവ് സതീഷ് ഉപദ്രവിക്കുന്ന ദൃശ്യങ്ങളും ശരീരത്തില്‍ മർദനമേറ്റതിന്റെ വീഡിയോകളും പുറത്തുവന്നിരുന്നു.സതീഷ് നാട്ടിലെത്തിയപ്പോള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ച്‌ പൊലീസിന് കൈമാറി അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്ക് പിന്നീട് ജാമ്യം ലഭിക്കുകയായിരുന്നു. അതുല്യയുടേത് കൊലപാതകമാണെന്നതിന് തെളിവില്ലെന്നും സതീഷ് കുറ്റക്കാരനാണെന്ന് ദുബൈ പൊലീസ് കണ്ടെത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചത്.വർഷങ്ങളായി യു.എ.ഇയിലുള്ള സതീഷ് ഒന്നര വർഷം മുൻപാണ് അതുല്യയെ ഗള്‍ഫിലേക്ക് കൊണ്ടുപോയത്. ദമ്ബതികളുടെ ഏക മകള്‍ ആരാധിക(10) അതുല്യയുടെ പിതാവ് രാജശേഖരൻ പിള്ള മാതാവ് തുളസിഭായ് പിള്ള എന്നിവരുടെ കൂടെ നാട്ടിലെ സ്കൂളിലാണ് പഠിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *