സെക്ഷന്‍ 124-എയ്ക്ക് ശേഷം കോടതി ചര്‍ച്ചയാക്കുന്ന ആര്‍ട്ടിക്കിള്‍ 19(2)

ഗുജറാത്ത് പൊലീസിട്ട ഒരു എഫ്ഐആര്‍ റദ്ദാക്കി കൊണ്ട് അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തെ കുറിച്ച് ചില കാര്യങ്ങള്‍ ഏവരേയും ഓര്‍മ്മിപ്പിച്ചിരുന്നു. ഭരണഘടന ഉറപ്പാക്കുന്ന ജനാധിപത്യത്തിലെ സ്വാതന്ത്ര്യത്തെ കുറിച്ച് രാജ്യത്തെ പരമോന്നത നീതിപീഠം ക്ലാസ് എടുത്തെന്ന് തന്നെ പറയാം. സെക്ഷന്‍ 124-എയ്ക്ക് ശേഷം കോടതി പരാമര്‍ശത്തിലൂടെ ചര്‍ച്ചയാവുകയാണ്‌ ആര്‍ട്ടിക്കിള്‍ 19(2). രാജ്യമെമ്പാടും മോദി സര്‍ക്കാര്‍ രാജ്യദ്രോഹ കേസില്‍ കുടുക്കി ആളുകളെ ജയിലിലാക്കുന്ന പ്രവണത വര്‍ധിപ്പിച്ചപ്പോള്‍ 2022ല്‍ ഇനി സെഡിഷന്‍ ലോ ഉപയോഗിച്ച് അതായത് ദേശദ്രോഹം ചുമത്തി ആരേയും വിചാരണ ചെയ്യേണ്ടതില്ലെന്ന് സുപ്രിം കോടതി പറയുകയും കൊളോണിയല്‍ കാലത്ത് തുടങ്ങിയ സെക്ഷന്‍ 124(എ) റദ്ദാക്കുകയും ചെയ്തിരുന്നു. അതായത് രാജ്യം ഭരിക്കുന്നവരേയും പാര്‍ട്ടിയേയും കുറിച്ച് ആരെങ്കിലും വിമര്‍ശനം ഉന്നയിച്ചാല്‍ അത് രാജ്യദ്രോഹമാകില്ലെന്ന താക്കീതായിരുന്നു സുപ്രീം കോടതിയുടെ ആ നീക്കം. കൊളോണിയല്‍ കാലത്ത് സ്വാതന്ത്ര്യസമരത്തിനിറങ്ങുന്നവരുടെ പ്രസംഗവും എഴുത്തും ലഘുലേഖയും തടയുന്നതിനായി ബ്രിട്ടീഷുകാരും രാജ്ഞിയും ഉപയോഗിച്ചതായിരുന്നു ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 A. അതായത് തങ്ങള്‍ക്കെതിരെ നാവാടുന്നവരുടെ ശബ്ദം ഉയരാതിരിക്കാന്‍ ചമച്ച വകുപ്പ്. പില്‍ക്കാലത്ത് അതായത് സ്വാതന്ത്രാനന്തര ഇന്ത്യയില്‍ രാജ്യദ്രോഹ നിയമത്തിന്റെ പ്രസക്തിയെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയും ഇതിന്റെ ദുരുപയോഗത്തിന്റെ സാധ്യതകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്യപ്പെട്ടു. കേദാര്‍ നാഥ് v/s സ്റ്റേറ്റ് ഓഫ് ബീഹാര്‍ എന്ന കേസ് 1962ലെ കേസില്‍ 5 അംഗ ബെഞ്ച് ഈ വ്യവസ്ഥ ശരിവയ്ക്കെുകയും സര്‍ക്കാര്‍ ഈ വകുപ്പ് പുനരാലോചിക്കുന്നതുവരെ 124എ വകുപ്പ് താത്കലികമായി നിലനിര്‍ത്തിക്കൊണ്ട് വിധിച്ചിരുന്നു.

എന്നാല്‍ പിന്നീട് വന്ന സര്‍ക്കാരുകള്‍ രാജ്യദ്രോഹ കേസുകള്‍ ദുരുപയോഗം ചെയ്തിട്ടില്ലെന്ന് പറയാന്‍ സാധിക്കില്ലെങ്കിലും ബിജെപി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്നതിന് ശേഷം 124 (എ) മോദിയ്ക്കും ഭരണത്തിനുമെതിരെ പറയുന്ന എല്ലാവര്‍ക്കുമെതിരെ എടുത്ത് ഉപയോഗിക്കുകയും അത് വ്യാപകമായി കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയും ചെയ്തു. ഇത് പോലൊരു സാഹചര്യം ഇതുവരെ ഉണ്ടായിട്ടുണ്ടായിരുന്നില്ല. അതിനാലാണ് 2022ല്‍ സര്‍ക്കാര്‍ ഈ വകുപ്പ് ഇനിയെടുത്ത് പ്രയോഗിക്കേണ്ടെന്ന നിലപാടില്‍ കോടതി അത് റദ്ദ് ചെയ്യുകയും 2023 സെപ്റ്റംബറില്‍, രാജ്യദ്രോഹ നിയമത്തെ ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ സുപ്രീം കോടതി കുറഞ്ഞത് 5 ജഡ്ജിമാരുടെ ഒരു വലിയ ബെഞ്ചിലേക്ക് റഫര്‍ ചെയ്തു. പുനഃപരിശോധനാ കാലയളവില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്നും വിട്ടുനില്‍ക്കാനും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. കൊളോണിയല്‍ കാലഘട്ടത്തിലുള്ളതാണെന്നും നിലവിലെ കാലഘട്ടത്തിന് ഈ നിയമം അനുയോജ്യമല്ലെന്നും നിയമത്തെ വിലയിരുത്തുന്ന പ്രക്രിയയിലാണ് തങ്ങളെന്നും മോദി സര്‍ക്കാര്‍ സമ്മതിച്ചു. പിന്നീട് 2023 ല്‍ കൊണ്ടുവന്ന ഭാരതീയ ന്യായ സംഹിത പുതിയ ബില്‍ അവതരിപ്പിക്കവെ ആഭ്യന്തര മന്ത്രി പഴയ കര്‍ക്കശമായ രാജ്യദ്രോഹ നിയമം റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പഴയ 124 എയ്ക്ക് പകരം വന്ന ഭാരതീയ ന്യായ സംഹിതയിലെ ആക്ട് 150 ചില കാര്യങ്ങളില്‍ കൃത്യമായ മാറ്റം വരുത്തിയത് സുപ്രീം കോടതിയും പ്രതിപക്ഷവും കണ്ണുതുറന്ന് ഇരിക്കുകയാണെന്നത് കൊണ്ടാണ്. IPC-യുടെ 124 A വകുപ്പ് സര്‍ക്കാരിനോടുള്ള വെറുപ്പ് അല്ലെങ്കില്‍ അവജ്ഞ ഉണ്ടാക്കുകയും അസംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്യുന്ന പ്രവൃത്തികളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതാണ്. ഇതാണ് മോദി സര്‍ക്കാര്‍ തങ്ങളുടെ ഭരണകാലയളവില്‍ കൂടുതല്‍ ആളുകളുടെ ശബ്ദം അടിച്ചമര്‍ത്താന്‍ ഉപയോഗിച്ചത്. ബിഎന്‍എസില്‍ ഈ വാക്കുകള്‍ ഒഴിവാക്കാന്‍ ബിജെപി നിര്‍ബന്ധിതരായി. രാജ്യദ്രോഹം എന്ന വാക്ക് ഒഴിവാക്കിയെന്നോ ഒഴിവാക്കേണ്ടി വന്നെന്നോ പറയാം. അട്ടിമറി പ്രവര്‍ത്തനങ്ങള്‍ എന്നതായി ആക്ട് 150ന്റെ കാതല്‍.

ഇത്തരത്തില്‍ ഒരു മാറ്റത്തിലേക്ക് എത്തിയതിന് പിന്നില്‍ സുപ്രീം കോടതിയുടെ കാര്യമായ ഇടപെടല്‍ ഉണ്ടായി എന്നത് വസ്തുതയാണ്. ആ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് എംപി ഇമ്രാന്‍ പ്രതാപ്ഗഡിയുടെ ഹര്‍ജിയില്‍ ഗുജറാത്ത് പൊലീസിട്ട ഒരു എഫ്ഐആര്‍ റദ്ദാക്കി കൊണ്ട് സുപ്രീം കോടതി ഊന്നിപ്പറയുന്ന കാര്യങ്ങള്‍ ജനാധിപത്യ വിശ്വാസികളില്‍ ഈ കെട്ടകാലത്ത് പ്രതീക്ഷയാകുന്നത്. ഒരാള്‍ പറയുന്നത് തനിക്ക് ഇഷ്ടമായില്ലെന്ന കാരണത്താല്‍ അയാളുടെ അത് പറയാനുള്ള സ്വാതന്ത്ര്യം റദ്ദ് ചെയ്യാനാവില്ലെന്ന്. അതായത് വിമര്‍ശനങ്ങള്‍ ഉണ്ടായാല്‍ ഉടനെ ഒരാളെ പിടിച്ച് അകത്തിടാനാവില്ല ഒരു സര്‍ക്കാരിനും എന്ന്. ആര്‍ട്ടിക്കിള്‍ 19(1) പ്രകാരമുള്ള അവകാശങ്ങളെ ആര്‍ട്ടിക്കിള്‍ 19(2) ഉപയോഗിച്ച് തടയാന്‍ ശ്രമിക്കരുതെന്ന താക്കീതും സുപ്രീം കോടതി നല്‍കുന്നുണ്ട്. അതാണ് ഇവിടെ പ്രസക്തം. രാജ്യദ്രോഹം പോലെ സര്‍ക്കാരിന്റെ അല്ലെങ്കില്‍ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലിന് ദുരുപയോഗിക്കാനുതകുന്ന വകുപ്പാണ് ആര്‍ട്ടിക്കിള്‍ 19 സെക്ഷന്‍ 2. ദേശീയ സുരക്ഷ, ക്രമസമാധാനം, മാന്യത, ധാര്‍മ്മികത, മറ്റ് അസാധാരണ സാഹചര്യങ്ങള്‍ എന്നിവ മുന്‍നിര്‍ത്തി (ആര്‍ട്ടിക്കിള്‍ 19(1)(എ) പ്രകാരം ഉറപ്പുനല്‍കുന്നു സംസാര സ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും അവശ്യ ഘട്ടങ്ങളില്‍ സര്‍ക്കാരിന് ന്യായമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അനുവദിക്കുന്നതാണ് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(2). ഇത് തോന്നിയപോല്‍ എടുത്ത് ഉപയോഗിക്കരുതെന്നാണ് ഗുജറാത്ത് പൊലീസിന്റെ കോണ്‍ഗ്രസ് എംപിയ്ക്കെതിരായ എഫ്ഐആര്‍ റദ്ദാക്കിയതിലൂടെ സുപ്രീം കോടതി പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *