മതപരിവര്‍ത്തന വിരുദ്ധ നിയമം;കേന്ദ്രത്തിനും 12 സംസ്ഥാനങ്ങൾക്കും സുപ്രീം കോടതി നോട്ടീസ്

ന്യൂഡൽഹി:മതപരിവർത്തന വിരുദ്ധ നിയമങ്ങളുടെ സാധുത ചോദ്യം ചെയ്തുള്ള പൊതുതാൽപ്പര്യ ഹർജിയിൽ സുപ്രീം കോടതി വിശദീകരണം തേടി. കേന്ദ്രത്തിൽ നിന്നും ബന്ധപ്പെട്ട 12സംസ്ഥാനങ്ങളിൽ നിന്നുമാണ് വിശദീകരണം ആവശ്യപ്പെട്ടത്.നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ (NCCI)സമര്‍പ്പിച്ച ഹര്‍ജിക്ക് പിന്നാലെയാണ് നടപടി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്,ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങുന്ന ബെഞ്ച് ഹര്‍ജിയിൽ വാദം കേട്ട ശേഷം,കേന്ദ്രത്തിൽ നിന്നും 12സംസ്ഥാന സർക്കാരുകളിൽ നിന്നും പ്രതികരണങ്ങൾ ആവശ്യപ്പെട്ടു. നാല് ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകണം.കേന്ദ്രത്തിന് പുറമേ, രാജസ്ഥാൻ, ഉത്തർപ്രദേശ്,ഒഡീഷ, ഛത്തീസ്ഗഡ്, അരുണാചൽ പ്രദേശ്, ഗുജറാത്ത്, ജാർഖണ്ഡ്, ഉത്തരാഖണ്ഡ്, ഹരിയാന, മധ്യപ്രദേശ്, കർണാടക, ഹിമാചൽ പ്രദേശ് എന്നിവയ്ക്കും ബെഞ്ച് നോട്ടീസ് അയച്ചു.മതപരിവർത്തന വിരുദ്ധ നിയമങ്ങൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളിൽ 2025സെപ്റ്റംബർ 16-ന് കോടതി സംസ്ഥാനങ്ങളുടെ നിലപാട് സുപ്രീം തേടിയിരുന്നു. സമാനമായ കേസിൽ 2021ജനുവരി 6നും സുപ്രീം കോടതി നടപടികൾക്ക് തുടക്കമിട്ടിരുന്നു. മിശ്രവിവാഹങ്ങൾ മൂലമുള്ള മതപരിവർത്തനങ്ങൾ ആരോപിച്ചുള്ള ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളുടെ വിവാദ നിയമങ്ങൾ പരിശോധിക്കാനായിരുന്നു ആവശ്യം.ഇവ ഉൾപ്പെടെ ഹർജികൾ നിലവിൽ തീർപ്പുകൽപ്പിക്കാത്തവയുമായി ബന്ധിപ്പിക്കാൻ ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചു. മൂന്ന് ജഡ്ജിമാരുടെ ബെഞ്ച് അവ ഒരുമിച്ച് കേൾക്കുമെന്നും പറഞ്ഞു.കേസിൽ ആശയവിനിമയം സുഗമമാക്കുന്നതിന് കോടതി അഭിഭാഷകയായ ശ്രിഷ്തിയെ ഹർജിക്കാരുടെ നോഡൽ കൗൺസലായും അഭിഭാഷകയായ രുചിരയെ പ്രതിഭാഗം സംസ്ഥാനങ്ങളുടെ നോഡൽ കൗൺസലായും നിയമിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *