ന്യൂഡല്‍ഹി: ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി സ്വയം കുഴപ്പങ്ങള്‍ ക്ഷണിച്ചുവരുത്തിയതാണെന്ന അലഹബാദ് ഹൈക്കോടതി നിരീക്ഷണത്തെ വിമര്‍ശിച്ച് സുപ്രീം കോടതി. ബലാത്സംഗ കേസില്‍ ഇരയായ പെണ്‍കുട്ടിയെ കുറ്റപ്പെടുത്തിയ ഹൈക്കോടതി നിരീക്ഷണത്തെ സുപ്രീം കോടതി വിമര്‍ശിച്ചു.ജഡ്ജിമാര്‍ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സമീപനത്തില്‍ സംവേദന ക്ഷമത പുലര്‍ത്തണമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഒരു കോടതി എന്തിനാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും കോടതി ചോദിച്ചു. ജസ്റ്റിസ് ബി. ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ പിടിച്ചു വലിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുന്നതും ബലാത്സംഗ ശ്രമത്തിന്റെ പരിധിയില്‍ വരില്ലെന്ന അലഹബാദ് ഹൈക്കോടതി വിധിയെച്ചൊല്ലി രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ അനുചിതമായ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.പ്രതിക്ക് ജാമ്യമനുവദിക്കുന്നത് കോടതിയുടെ വിവേചനാധികാരത്തില്‍പെടുമെന്നും എന്നാല്‍ കേസുകളില്‍ പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ ജഡ്ജിമാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു.