പ്രയാഗ്‌രാജ്: എഫ്ഐആറിൽ കേന്ദ്രമന്ത്രിയുടെ പേരിനൊപ്പം ‘ബഹുമാനപ്പെട്ട’ എന്ന പദവി ചേർക്കാത്തതിൽ ഉത്തർപ്രദേശ് സർക്കാരിനോട് വിശദീകരണം തേടി അലഹബാദ് ഹൈക്കോടതി. സംഭവത്തിൽ സംസ്ഥാന ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.ജസ്റ്റിസ് ജെജെ മുനീർ, ജസ്റ്റിസ് തരുൺ സക്സേന എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. മഥുരയിൽ രജിസ്റ്റർ ചെയ്ത ഒരു എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർഷിത് ശർമ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.കേസിൽ ഉൾപ്പെട്ട കേന്ദ്രമന്ത്രിയുടെ പേര് എഫ്ഐആറിൽ രേഖപ്പെടുത്തിയപ്പോൾ ഔദ്യോഗിക പദവികളോ ബഹുമാനസൂചകമായ വാക്കുകളോ ഉപയോഗിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ചിലയിടങ്ങളിൽ ‘മിസ്റ്റർ’ എന്ന് പോലും ചേർക്കാതെ വെറും പേര് മാത്രമാണ് നൽകിയിരിക്കുന്നത്.പരാതി നൽകിയ വ്യക്തി മന്ത്രിയുടെ പേര് സാധാരണ നിലയിൽ എഴുതിയാൽ പോലും, എഫ്ഐആർ തയ്യാറാക്കുമ്പോൾ പ്രോട്ടോക്കോൾ പാലിക്കാൻ പൊലീസ് ബാധ്യസ്ഥരാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ബഹുമാനസൂചകമായ പദവികൾ ബ്രായ്ക്കറ്റിലെങ്കിലും ഉൾപ്പെടുത്തണമായിരുന്നുവെന്നും കോടതി പറഞ്ഞു.ഏപ്രിൽ ആറിന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ അഡീഷണൽ ചീഫ് സെക്രട്ടറി വിശദീകരണം നൽകണം. ഉത്തരവിന്റെ പകർപ്പ് 48 മണിക്കൂറിനുള്ളിൽ ആഭ്യന്തര വകുപ്പിനും മഥുര എസ്എസ്പിക്കും കൈമാറാൻ രജിസ്ട്രാർക്ക് കോടതി നിർദ്ദേശം നൽകി
കേന്ദ്രമന്ത്രിയുടെ പേരിനൊപ്പം ‘ബഹുമാനപ്പെട്ട’ എന്ന് ചേർത്തില്ല; യുപി സർക്കാരിനോട് വിശദീകരണം തേടി അലഹബാദ് ഹൈക്കോടതി
