തെങ്ങിന്‍ കള്ളിലെ ആല്‍ക്കഹോളിന്റെ പരിധി നിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി

Oplus_16908288

തെങ്ങിന്‍ കള്ളിലെ ആല്‍ക്കഹോളിന്റെ പരിധി നിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.സംസ്ഥാന സര്‍ക്കാര്‍ 2007ല്‍ പുറപ്പെടുവിച്ച വിജ്ഞാപനമാണ് റദ്ദാക്കിയത്. അബ്കാരികള്‍ നല്‍കിയ ഹര്‍ജികളിലാണ് നടപടി. ആല്‍ക്കഹോള്‍ അളവ് കൂടുതലുള്ള കള്ള് വിറ്റെന്ന കേസുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അബ്കാരികളുടെ ഹര്‍ജി. കള്ളിലെ ഈഥൈല്‍ ആല്‍ക്കഹോള്‍ 8.1 ശതമാനമായി നിശ്ചയിച്ചായിരുന്നു സര്‍ക്കാര്‍ വിജ്ഞാപനം. പഞ്ചസാരയുടെ അളവിലെ വ്യത്യാസമാണു കള്ളിലെ ആല്‍ക്കഹോള്‍ അംശം നിർണയിക്കുന്നത്. 2007ല്‍ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തെങ്ങിൻകള്ളിലെ ആല്‍ക്കഹോള്‍ അംശം 8.1ശതമാനം ആയി സർക്കാർ വിജ്ഞാപനം ചെയ്തിരുന്നത്. ഷാപ്പുടമകള്‍ കോടതിയെ സമീപിച്ചതിനുശേഷം സർക്കാർ നിയോഗിച്ച ടി.എൻ. അനിരുദ്ധൻ കമ്മിറ്റി നടത്തിയ പഠനത്തില്‍ പരമാവധി ആല്‍ക്കഹോള്‍ 9.59 % വരെ ആകാമെന്നു ശുപാർശ ചെയ്തെങ്കിലും എക്സൈസ് എതിർത്തതിനാല്‍ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചിരുന്നില്ല. പിന്നീട് 8.98 ശതമാനം ആയി മാറ്റി നിശ്ചയിക്കാൻ വിദഗ്ധ സമിതി നല്‍കിയ ശുപാർശ സർക്കാർ അംഗീകരിച്ചിരുന്നു. ഇതിനിടയിലാണ് സുപ്രീം കോടതി വിധി എത്തുന്നത്.അബ്കാരി നിയമം അനുസരിച്ച്‌ തെങ്ങിൻ കള്ളില്‍ 8.1 ശതമാനവും പനങ്കള്ളില്‍ 5.2 ശതമാനവും ചൂണ്ടപ്പന കള്ളില്‍ 5.9 ശതമാനവുമേ ഈഥൈല്‍ ആല്‍ക്കഹോള്‍ ഉണ്ടാകാൻ പാടുള്ളൂ. പ്രകൃതിദത്ത കള്ളിന്റെ വീര്യം സംബന്ധിച്ച്‌, സർക്കാർ രൂപവത്കരിച്ച ഡോ. ടി.എൻ.അനിരുദ്ധൻ കമ്മിറ്റി തെങ്ങിൻകള്ളില്‍ ഈഥൈല്‍ ആല്‍ക്കഹോള്‍ പരമാവധി വീര്യം 9.59 ശതമാനവും ചൂണ്ടപ്പന 8.24 ശതമാനവും പനമരം 8.13 ശതമാനവും ആകാമെന്ന് നിർദ്ദേശിച്ചിരുന്നു. അനുവദനീയമായതിലും അധികം ആല്‍ക്കഹോള്‍ അംശമുള്ള കള്ളു വിറ്റാല്‍ ഷാപ്പുടമയ്ക്ക് 10 വർഷം തടവുശിക്ഷ ലഭിക്കാം എന്നതിനാലാണ് അബ്കാരികള്‍ കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *