തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസ് പ്രതി സുഹൈല്‍ ഷാജഹാന്റെ ഹര്‍ജി കോടതി തളളി. പാസ്‌പോര്‍ട്ട് വിട്ടുകിട്ടണമെന്നും വിദേശത്തേക്ക് യാത്ര പോകാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തളളിയത്. തിരുവനന്തപുരം മൂന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതായിരുന്നു വിധി.
ബിസിനസ് നോക്കാനും ബന്ധുക്കളെ കാണാനും വിദേശത്തേക്ക് പോകാന്‍ അനുമതി നല്‍കണമെന്നും പാസ്‌പോര്‍ട്ട് വിട്ടുനല്‍കണമെന്നുമായിരുന്നു പ്രതിയുടെ ആവശ്യം. എന്നാല്‍ പ്രോസിക്യൂഷന്‍ ഇതിനെ ശക്തമായി എതിര്‍ത്തു. സുഹൈലാണ് മറ്റ് രണ്ട് പ്രതികളെക്കൊണ്ട് കുറ്റം ചെയ്യിച്ചതെന്നും സംഭവത്തിനുശേഷം വിദേശത്തേക്ക് കടന്ന പ്രതി പിന്നീട് ഡല്‍ഹി വഴി നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു. സുഹൈലിന് ജാമ്യം നല്‍കിയപ്പോള്‍ പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
