‘ശിവഗിരിയില്‍ പൊലീസ് അതിക്രമം നടന്നിട്ടില്ല’; എ.കെ ആന്റണി ആവശ്യപ്പെട്ട ജുഡീഷ്യല്‍ കമ്മീഷൻ റിപ്പോര്‍ട്ട് നിയമസഭാ വെബ്സൈറ്റില്‍

Oplus_16908288

എ.കെ ആന്റണി ആവശ്യപ്പെട്ട ശിവഗിരി ജുഡീഷ്യല്‍ കമ്മീഷൻ റിപ്പോർട്ട് നിയമസഭാ വെബ്സൈറ്റില്‍. ഈ റിപ്പോർട്ട് പുറത്തുവിടണമെന്നായിരുന്നു ആന്റണിയുടെ ആവശ്യം.നിയമസഭാ വെബ്സൈറ്റില്‍ റിപ്പോർട്ട് നേരത്തേ തന്നെയുണ്ട്. ശിവഗിരിയില്‍ പൊലീസ് അതിക്രമം നടന്നിട്ടില്ല, അക്രമാസക്തമായ ജനക്കൂട്ടമാണ് ലാത്തിച്ചാർജിന് കാരണം. ഒന്നോ രണ്ടോ പൊലീസുകാരുടെ പെരുമാറ്റം സേനയുടെതായി കാണാൻ ആവില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു.ശിവഗിരിയിലെ പൊലീസ് അതിക്രമം ചൂണ്ടിക്കാട്ടി യുഡിഎഫ് ഭരണകാലത്തെ പൊലീസ് അതിക്രമങ്ങളെ കുറിച്ച്‌ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തില്‍ മറുപടിയുമായാണ് എ.കെ ആന്റണി ഇന്നലെ രംഗത്ത് എത്തിയത്.21 വർഷമായി കേരള രാഷ്ട്രീയത്തില്‍ താൻ സജീവമല്ലാതിരുന്നിട്ടും തനിക്കെതിരെ ഏകപക്ഷീയമായ ആക്രമണം നടക്കുന്നുവെന്ന് എ.കെ ആന്റണി ഇന്നലെ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ദീര്‍ഘകാലത്തിന് ശേഷമാണ് രാഷ്ട്രീയവിഷയത്തില്‍ പ്രതികരിക്കാനായി ആന്റണി വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തത്.1995ല്‍ കോടതി ഉത്തരവ് നടപ്പാക്കാനാണ് ശിവഗിരിയിലേക്ക് പൊലീസിനെ അയക്കേണ്ടി വന്നത്. സംഭവങ്ങള്‍ പലതും നിർഭാഗ്യകരമാണ്. തെരഞ്ഞെടുപ്പില്‍ ജയിച്ച സന്യാസിമാർക്ക് അധികാര കൈമാറ്റം നടത്തിയിരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കോടതി നടപടി നേരിടേണ്ടി വരുമെന്ന് സർക്കാരിന് മുന്നറിയിപ്പ് നല്‍കി. ഉത്തരവ് നടപ്പാക്കാൻ എത്തിയവരില്‍ പല തരക്കാർ ഉണ്ടായിരുന്നു. കോടതി ഉത്തരവ് നടപ്പാക്കി വിജയിച്ചവർക്ക് അധികാരം കൈമാറി. നിയമവാഴ്ച നടപ്പാക്കുകയാണ് ചെയ്തത്. ഇത് സംബന്ധിച്ച്‌ അന്വേഷിക്കാൻ നായനാർ സർക്കാർ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോർട്ട് പുറത്തുവിടണം. എന്താണ് അവിടെ സംഭവിച്ചതെന്ന് ജനങ്ങള്‍ അറിയട്ടെ എന്നും ആന്റണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *