വ്യജ വിധി എഴുതി എ.ഐ; നിര്‍മിതബുദ്ധി കോടതികള്‍ക്കും ഭീഷണിയാകുമോ? മുന്നറിയിപ്പുമായി സുപ്രീം കോടതി

നിര്‍മിത ബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ച കൃത്രിമ ഫോട്ടോകളും വിഡിയോകളുംകൊണ്ട് നിറയുകയാണ് സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍.  വ്യാജ നിര്‍മിതികളില്‍നിന്ന് രക്ഷതേടി നടന്‍ മോഹന്‍ ലാല്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത് കഴിഞ്ഞ ദിവസമാണ്. ബോളിവു‍ഡ് നടന്‍മാരും ക്രിക്കറ്റ് താരങ്ങളുമടക്കം  ഒട്ടേറെ പ്രശസ്തരാണ് എ.ഐ വ്യാജന്‍മാരെ തടയണമെന്നാവശ്യപ്പെട്ട് കോടതിയിലെത്തിയത്.  എന്നാല്‍ കോടതിയെപ്പോലും എ.ഐ വെറുതെ വിടുന്നില്ല.  സാങ്കല്‍പ്പികമായി കേസുണ്ടാക്കി കോടതിയുടെ ജോലി ഏറ്റെടുത്ത് വ്യാജമായി വിധിയും സൃഷ്ടിക്കുകയാണ് എ.ഐ.  അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയില്‍ എ.ഐ സൃഷ്ടിച്ച  ഇല്ലാത്ത കേസും വിധിയും ഉദ്ധരിച്ചതായി ബോംബെ ഹൈക്കോടതി കണ്ടെത്തി.  തുടര്‍ന്ന് ഹൈക്കോടതി നടത്തിയ പരാമർശങ്ങള്‍ നീക്കാന്‍ അഭിഭാഷകന്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.  ഹര്‍ജി പരിഗണിക്കവെ സുപ്രീം കോടതിയാണ് നിര്‍മിത ബുദ്ധിയുടെ ദുരുപയോഗത്തെക്കുറിച്ചുള്ള ആശങ്ക മുന്നറിയിപ്പായി ചൂണ്ടിക്കാട്ടിയത്.ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും  കോടതികളിൽ എ.ഐ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വിധിന്യായങ്ങൾ തെളിവായി ഉദ്ധരിക്കുന്നത് വർദ്ധിച്ചുവരുന്ന ഭീഷണിയാണെന്നാണ് കോടതിയുടെ  മുന്നറിയിപ്പ്.  ഹാർട്ട് ആൻഡ് സോൾ എൻ്റർടൈൻമെൻ്റ് ലിമിറ്റഡ് വേഴ്സസ് ദീപക് എന്ന കേസിലാണ് ജസ്റ്റിസുമാരായ രാജേഷ് ബിന്ദൽ, വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ചിന്‍റെ നിരീക്ഷണം നടത്തിയത്.  വ്യാജ വിധിന്യായങ്ങൾ ഹർജികളിലും വാദങ്ങളിലും ഉൾപ്പെടുത്തുന്നത് വർദ്ധിച്ചുവരികയാണെന്നും,  ഇത്തരം വിവരങ്ങൾ ഉപയോഗിക്കുമ്പോൾ എല്ലാവരും ജാഗ്രത പാലിക്കണമെന്നും കോടതി നിർദ്ദേശിച്ചു.ബോംബെ ഹൈക്കോടതി തനിക്കെതിരെ നടത്തിയ ചില പരാമർശങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹാർട്ട് ആൻഡ് സോൾ എൻ്റർടൈൻമെൻ്റ് ലിമിറ്റഡ് കമ്പനിയുടെ ഡയറക്ര്‍ നല്‍കിയ അപ്പീലാണ് സുപ്രീം കോടതി പരിഗണിച്ചത്. നിലവിലില്ലാത്ത ഒരു വിധിന്യായം വാദത്തിനിടെ ഉദ്ധരിച്ചതിനെത്തുടർന്നാണ് ഹൈക്കോടതി ഇദ്ദേഹത്തിനെതിരെ പരാമർശം നടത്തിയത്.  രേഖകൾ എ.ഐ ടൂൾ ഉപയോഗിച്ച് തയ്യാറാക്കിയതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഹര്‍ജിയില്‍ പരാമർശിച്ചിരുന്ന ഒരു വിധിന്യായം യഥാര്‍ഥത്തിൽ നിലവിലില്ലെന്നായിരുന്നു ഹൈക്കോടതി കണ്ടെത്തിയത്.താൻ അത്തരമൊരു വിധിന്യായം ഉദ്ധരിച്ചിട്ടില്ലെന്ന് ഹർജിക്കാരൻ സുപ്രീം കോടതിയില്‍ വാദിച്ചു.  സുപ്രീം കോടതി ഈ വാദത്തിന്‍റെ മെറിറ്റിലേക്ക് കടന്നില്ല.  എങ്കിലും, ഹൈക്കോടതിയുടെ  പരാമർശങ്ങൾ കോടതി നീക്കി. ”ഒരു  ഇളവ് എന്ന നിലയിൽ ആ പരാമർശങ്ങൾ നീക്കം ചെയ്യുന്നു. എന്നാൽ ഇത്തരം വ്യാജ വിധിന്യായങ്ങളുടെ ഭീഷണി ഇപ്പോൾ ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള കോടതികളിൽ വ്യാപകമാണ് എന്നത് ഒരു വസ്തുതയാണ്.  എല്ലാവരും ജാഗ്രത പാലിക്കേണ്ടതുണ്ട്,” കോടതി ഉത്തരവില്‍ വ്യക്തമാക്കി.  കോടതിയുടെ വാക്കുകള്‍ നിയമലോകത്തിന് മാത്രമല്ല എല്ലാവര്‍ക്കുമുള്ള ഓര്‍മപ്പെടുത്തലാണ്

Leave a Reply

Your email address will not be published. Required fields are marked *