കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച നടിയെ ആക്രമിച്ച കേസിന്‍റെ കോടതി നടപടികളെ വളച്ചൊടിച്ച് പ്രസിദ്ധീകരിക്കുന്ന വാർത്തകൾക്കെതിരെ എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് മാധ്യമങ്ങൾക്കും അഭിഭാഷകർക്കും കർശന മുന്നറിയിപ്പ് നൽകി. നടൻ ദിലീപ് എട്ടാം പ്രതിയായിരുന്ന കേസിൽ ഡിസംബർ എട്ടിന് വിധി പ്രഖ്യാപിച്ചിരുന്നു. ദിലീപിനെ കോടതി കുറ്റവിമുക്തനാക്കുകയും, ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെ മറ്റ് ആറ് പേരെ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തു.കുറ്റക്കാരായ ആറ് പ്രതികളുടെ ശിക്ഷാവിധി ഇന്ന് പറയുന്നതിന് തൊട്ടുമുമ്പാണ് ജഡ്ജി മുന്നറിയിപ്പ് നൽകിയത്. കോടതിയെ മോശമായി ചിത്രീകരിക്കുന്നത് കോടതിയലക്ഷ്യ നടപടികൾക്ക് കാരണമാകുമെന്ന് ജഡ്ജി വ്യക്തമാക്കി.”എന്നെക്കുറിച്ച് വ്യക്തിപരമായി വരുന്ന ലേഖനങ്ങളിൽ എനിക്ക് പ്രശ്നമില്ല. എന്നാൽ, കോടതി നടപടികളെ വളച്ചൊടിച്ചുള്ള റിപ്പോർട്ടിംഗുകൾ ഗൗരവമായി കൈകാര്യം ചെയ്യും. കോടതിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വാർത്തകൾ നൽകുന്നത് കോടതിയലക്ഷ്യമായി കണക്കാക്കും,” ജഡ്ജി കൂട്ടിച്ചേർത്തു.കേസിന്‍റെ കോടതി നടപടികൾ റെക്കോർഡ് ചെയ്യുകയോ മറ്റൊരിടത്തേക്ക് കൈമാറ്റം ചെയ്യുകയോ ചെയ്യുന്നവർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് ജഡ്ജി താക്കീത് നൽകി.
നടിയെ ആക്രമിച്ച കേസ്: വിധിക്ക് മുൻപ് ജഡ്ജി ഹണി എം. വർഗീസിന്‍റെ കർശന താക്കീത്; ‘സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കരുത്’
