നടി ആക്രമിക്കപ്പെട്ട കേസ്; ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിൽ സംശയം പ്രകടിപ്പിച്ച് കോടതി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിൽ സംശയം പ്രകടിപ്പിച്ച് കോടതി. ദിലീപുമായുള്ള എല്ലാ കൂടിക്കാഴ്ചകളു പൾസർ സുനി വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഡിസംബർ 26ന് നടന്ന കൂടിക്കാഴ്ചയെക്കുറിച്ച് ഒരിടത്തും പൾസർ സുനി പറഞ്ഞിട്ടില്ല, ബാലചന്ദ്ര കുമാർ മാത്രമാണ് അത്തരമൊരു കാര്യ പറഞ്ഞതെന്നാണ് വിധി ന്യായത്തിലെ നിരീക്ഷണം.ദിലീപിനെ കാണാൻ എത്തിയത് സിനിമയുടെ ചർച്ചയ്ക്ക് വേണ്ടിയാണ് എന്നാണ് ബാലചന്ദ്ര കുമാർ പറഞ്ഞത്. എന്നാൽ കോടതിയിൽ അത് ഗൃഹപ്രവേശത്തിന് എത്തി എന്നാക്കിയെന്നും കോടതി ചൂണ്ടിക്കാട്ടി. അങ്ങനെയൊരു ഗൃഹപ്രവേശം നടന്നതിന്റെ ഒരു തെളിവും അന്വേഷണ സംഘത്തിന് ഹാജരാക്കാൻ സാധിച്ചിട്ടില്ല എന്ന് കോടതി വിധിയിലുണ്ട്. പൾസർ സുനിയും ദിലീപും തമ്മിൽ അതീവ രഹസ്യ സ്വഭാവത്തിലുള്ള ബന്ധമാണെന്ന് അന്വേഷണ സംഘം തന്നെ പറയുന്നു. അങ്ങനെ ഒരു സാഹചര്യത്തിൽ ബാലചന്ദ്ര കുമാറിന്റെ മുന്നിൽ എങ്ങനെയാണ് ദിലീപ് പൾസറിന് ഒപ്പം നിൽക്കുക എന്നും വിധി ന്യായത്തിൽ പറയുന്നു.കേസുമായി ബന്ധപ്പെട്ട് ദിലീപ് ചാറ്റുകൾ ഡിലീറ്റ് ചെയ്തു എന്ന് തെളിയിക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. ഫോണിൽ നിന്ന് വിവരങ്ങൾ നീക്കം ചെയ്തു എന്നത് ശരിയാണെങ്കിലും തെളിവുകൾ നശിപ്പിക്കാനാണ് ഇതെന്ന് സ്ഥാപിക്കാൻ കഴിഞ്ഞില്ല. ഡിലീറ്റ് ചെയ്ത ചാറ്റുകളുടെ ഉള്ളടക്കം കേസിന് എത്രത്തോളം പ്രധാന്യമുള്ളതാണെന്ന് തെളിയിക്കാനും കഴിഞ്ഞില്ലെന്നാണ് കോടതി നിരീക്ഷണം.വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി വിവരങ്ങൾ കൈമാറി എന്നതിന് തെളിവായി ഹാജരാക്കിയ സ്‌ക്രീൻഷോട്ടുകൾ കോടതി തള്ളി. സ്‌ക്രീൻഷോട്ട് അയച്ച വ്യക്തിയെ വിസ്തരിക്കാൻ പ്രോസിക്യൂഷൻ തയാറായില്ല. പഴയ ഫോൺ മാറ്റി പുതിയത് വാങ്ങിയത് തെളിവ് നശിപ്പിക്കാനാണെന്ന് പറയാൻ ആകില്ല. ഒരാൾ സ്വകാര്യ വിവരങ്ങൾ ഡിലീറ്റ് ചെയ്യുന്നത് സ്വാഭാവികമാണെന്നും ഇത് കേസിലെ തെളിവ് നശിപ്പിക്കാൻ അല്ലെന്നുമാണ് വിധിന്യായത്തിലെ കണ്ടെത്തൽ. സൈബർ വിദഗ്ധൻ ഡാറ്റ നശിപ്പിച്ചു എന്ന ആരോപണത്തിൽ കൈവശമുണ്ടായിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ കോടതിയിൽ ഹാജരാക്കിയില്ല. ഡാറ്റ നശിപ്പിക്കാൻ ഉപയോഗിച്ചു എന്ന് പറയുന്ന ഉപകരണം പരിശോധിക്കാതെ ആരോപണം നിലനിൽക്കില്ലെന്നും കോടതി വിധിയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *