മൂന്ന് ദിവസത്തിനുള്ളില്‍ നടപടിയെടുക്കണം; അനുമതിയില്ലാതെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നു, സല്‍മാന്‍ ഖാന്‍റെ ഹര്‍ജിയില്‍ – ഹൈക്കോടതി

ന്യൂഡല്‍ഹി: തന്‍റെ വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് താരം സല്‍മാന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ മൂന്ന് ദിവസത്തിനുള്ളില്‍ നടപടിയെടുക്കണമെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് നിര്‍ദേശം നല്‍കി ഡൽഹി ഹൈക്കോടതി.അനുവാദമില്ലാതെ പരസ്യങ്ങളിലും സമൂഹമാധ്യമങ്ങളിലും തന്‍റെ ചിത്രം ഉപയോഗിക്കുന്നതിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യവുമായി നടന്‍ സല്‍മാന്‍ ഖാന്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ ഉള്‍പ്പെട്ട മറ്റ് സ്ഥാപനങ്ങള്‍ക്കെതിരെ വിശദമായ ഇടക്കാല നിരോധന ഉത്തരവ് പുറപ്പെടുവിപ്പിക്കണമെന്നും ജസ്റ്റിസ് മന്‍മീത് പ്രീതം സിംഗ് അറോറ വ്യക്തമാക്കി. 2021 ലെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി നിയമങ്ങള്‍ പ്രകാരം സല്‍മാന്‍ ഖാന്‍റെ കേസ് ഒരു പരാതിയായി കണക്കാക്കാനും മൂന്ന് ദിവസത്തിനുള്ളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കനുമാണ് ഹൈക്കോടതി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്.സമൂഹമാധ്യമങ്ങളില്‍ എഐ ഉപയോഗിച്ച് നിര്‍മിച്ച ചിത്രങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതിന് പിന്നാലെയാണ് സല്‍മാന്‍ഖാന്‍ കോടതിയെ സമീപിച്ചത്. ജോണ്‍ ഡോയന്ന പേരിലുള്ള അക്കൗണ്ടിന്‍റെ തന്‍റെ രൂപത്തിലും ശബ്ദത്തിലും സാദൃശ്യമായ വ്യാജന്‍റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടന്നും സല്‍മാന്‍ ഖാന്‍ ചുണ്ടിക്കാട്ടി.സൽമാൻ ഖാൻ നൽകിയ വെബ്‌ലിങ്കുകളിൽ ഏതെങ്കിലും സംബന്ധിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് സംശയങ്ങളോ ആശങ്കകളോ ഉണ്ടെങ്കിൽ, അത് നേരിട്ട് ഖാനെ അറിയിക്കണം. സല്‍മാന്‍ ഖാന്‍റെ പേര്, ചിത്രം, രൂപം വ്യക്തിത്വവുമായി ബന്ധപ്പെട്ട ഉള്ളടക്കം എന്നിവ അനുമതിയില്ലാതെ സോഷ്യല്‍ മീഡിയയിലും ഇ കൊമേഴ്‌സ് വെബ്സൈറ്റുകളിലും ഉപയോഗിക്കുന്നത് തടയാനാണ് താരം ഹൈക്കോടതിയെ സമീപിച്ചത്.താരം നല്‍കിയ ഹര്‍ജിയില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍, ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍ കൂടാതെ തിരിച്ചറിയാന്‍ കഴിയാത്ത ഒട്ടേറെ വ്യക്തികളുടെ പേരും ചേര്‍ത്തിട്ടുണ്ട്.വ്യക്തിത്വാവകാശം (Right to Publicity) എന്നത് ഒരു വ്യക്തിയുടെ പേര്, രൂപം, ശബ്ദം, ചിത്രങ്ങൾ, കൈയൊപ്പ് തുടങ്ങിയവ ഉപയോഗിക്കാനുള്ള അവകാശം നിയന്ത്രിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന നിയമപരമായ അവകാശമാണ്. ഇത് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് താരം ഹര്‍ജി സമര്‍പ്പിച്ചത്. നിരവധി സിനിമാ താരങ്ങളുടെ വ്യക്തിത്വങ്ങളുമായി ബന്ധപ്പെട്ട ഉള്ളടക്കം അനധികൃതമായി ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് ഡൽഹി ഹൈക്കോടതി മുമ്പ് ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.ഇക്കഴിഞ്ഞ നവംബര്‍ 27 ന് ബോളിവുഡ് താരം അജയ് ദേവഗണിന്‍റെ പ്രതിച്ഛായയും വ്യക്തിത്വവുമായും ബന്ധപ്പെട്ട ഏതെങ്കിലും ഉള്ളടക്കം അനധികൃതമായി ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഡീപ്പ്ഫേക്ക് സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ച് സൃഷ്ടിച്ച ഉള്ളടക്കം ഇന്റർനെറ്റിൽ നിന്ന് നീക്കം ചെയ്യാനും കോടതി ഉത്തരവിട്ടു.അടുത്തിടെ, സമാജ്വാദി പാർട്ടി എംപി ജയ ബച്ചൻ, മാധ്യമ പ്രവർത്തകൻ സുധീർ ചൗധരി, ആർട്ട് ഓഫ് ലിവിങ് സ്ഥാപകൻ ശ്രീശ്രീ രവിശങ്കർ, നടൻ നാഗാർജുന, അഭിനേത്രി ഐശ്വര്യ റായ്, അഭിഷേക് ബച്ചൻ, സംവിധായകൻ കരൺ ജോഹർ എന്നിവർക്കും സമാന സംഭവം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചിരുന്നു. വ്യക്തിത്വാവകാശം ലംഘിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ ഇന്റർനെറ്റിൽ നിന്ന് നീക്കം ചെയ്യണമെന്ന് കോടതി പല കേസുകളിലും നിർദേശിച്ചിരുന്നു. മുന്‍പ് തെലുഗു താരം ജൂനിയര്‍ എന്‍ ടി ആറും സമാനമായ രീതിയില്‍ കോടതിയെ സമീപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *