കൊച്ചി: ശബരിമലയടക്കം തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളുടെ അക്കൗണ്ട് ഡിജിറ്റൈസ് ചെയ്യാനുള്ള നടപടി എത്രയുംവേഗം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി. ഇതിനുള്ള നടപടികളുമായി മുന്നോട്ടുപോകാൻ ഇൻഫർമേഷൻ കേരള ലിമിറ്റഡിന് ദേവസ്വം ബെഞ്ച് അനുമതി നൽകി.രേഖകളുടെ ഡിജിറ്റൈസേഷൻ തുടങ്ങിയെന്നും ആറുമാസത്തിനകം പൂർത്തിയാക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു. സോഫ്റ്റ്വെയർ വികസിപ്പിക്കാനുള്ള നടപടികളും ഇതോടൊപ്പം നടക്കും. കെ-സ്മാർട്ട് മാതൃകയിലുള്ള ഡിജിറ്റൽ സംവിധാനമാണ് ഒരുക്കുന്നത്. ഇതിൽ നിലപാടറിയിക്കാൻ സർക്കാരിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും കോടതി നിർദേശിച്ചു. സമഗ്ര സോഫ്റ്റ്വെയർ വികസിപ്പിക്കുന്നതിനുള്ള സമയക്രമം കൺസൾട്ടൻസിയായ കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കിറ്റ്ഫ്ര) കോടതിയെ അറിയിച്ചു. കെ-സ്മാർട്ട് സംവിധാനം വികസിപ്പിക്കാൻ 70 കോടി രൂപയാണ് ചെലവായത്. ക്ഷേത്രങ്ങൾക്കായുള്ള സോഫ്റ്റ്വെയർ ഇതിൽ കുറഞ്ഞ ചെലവിൽ വികസിപ്പിക്കാനാകുമെന്ന് ഓൺലൈനായി ഹാജരായ കിറ്റ്ഫ്ര എം.ഡി. ഡോ. സന്തോഷ് ബാബു വിശദീകരിച്ചു.സമഗ്ര സോഫ്റ്റ്വെയറിനായി ബോർഡ് ചെലവിടുന്ന തുക നഷ്ടമായി കണക്കാക്കേണ്ടതില്ലെന്ന് കോടതി പറഞ്ഞു. ദേവസ്വം ബോർഡ് ഓഡിറ്റ് റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
ശബരിമലയടക്കമുള്ള ക്ഷേത്രങ്ങളുടെ അക്കൗണ്ട് ഡിജിറ്റൈസേഷൻ ഉടൻ പൂർത്തിയാക്കണം -ഹൈക്കോടതി
