ബെംഗളൂരു: 2023 ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ബിജെപി സർക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് പത്രപരസ്യം നൽകിയതുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി. കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിക്കെതിരെയുള്ള ക്രിമിനൽ നടപടികളാണ് കോടതി അവസാനിപ്പിച്ചത്.കേസിൽ, നടപടികളുമായി മുന്നോട്ട് പോകുന്നത് നിയമനടപടികളുടെ ദുരുപയോഗമാകുമെന്ന് ജസ്റ്റിസ് എസ്. സുനിൽ ദത്ത് യാദവ് പറഞ്ഞു. രാഹുൽ ഗാന്ധിയെ പരസ്യവുമായി ബന്ധിപ്പിക്കുന്ന ഒരു വിവരവും പരാതിയിൽ വെളിപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹത്തിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വാദിച്ചു.പരസ്യം ബിജെപി എന്ന പാർട്ടിക്കെതിരെയല്ല, മറിച്ച് അന്നത്തെ സർക്കാരിനെതിരെയായിരുന്നു. പരാതി നൽകേണ്ടിയിരുന്നത് കർണാടക സർക്കാരാണ്, അല്ലാതെ മൂന്നാം കക്ഷിയായ ബിജെപിയല്ല. 2023-ൽ രാഹുൽ ഗാന്ധി പാർലമെന്റ് അംഗമോ പാർട്ടിയിൽ ഏതെങ്കിലും പദവി വഹിക്കുന്ന ആളോ ആയിരുന്നില്ല. മജിസ്ട്രേറ്റ് സമൻസ് അയച്ചത് കൃത്യമായ പരിശോധനകൾ നടത്താതെയാണെന്നും രാഹുൽ ഗാന്ധിക്ക് പരസ്യത്തിൽ പങ്കുണ്ടെന്നോ കുറ്റകരമായ ഉദ്ദേശ്യം ഉണ്ടെന്നോ തെളിയിക്കാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം വാദിച്ചു. അന്നത്തെ ബിജെപി സർക്കാർ കരാറുകാരിൽ നിന്ന് 40 ശതമാനം കമ്മീഷൻ വാങ്ങുന്നു എന്ന് ആരോപിച്ച് ‘കറപ്ഷൻ റേറ്റ് കാർഡ്’ എന്ന പേരിൽ കോൺഗ്രസ് നൽകിയ പത്രപ്പരസ്യങ്ങൾക്കെതിരെയാണ് ബിജെപി കോടതിയെ സമീപിച്ചത്. പരസ്യം അപകീർത്തികരവും വ്യാജവും സാങ്കൽപ്പിക ഭാവനയെ അടിസ്ഥാനമാക്കിയുള്ളതുമാണെന്നായിരുന്നു ബിജെപിയുടെ ആരോപണം.
നിയമനടപടികളുടെ ദുരുപയോഗം’; രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി
