ന്യൂഡൽഹി: താൽപ്പര്യമില്ലാത്ത സാഹചര്യത്തിൽ ഗർഭം തുടരാൻ സ്ത്രീയെ നിർബന്ധിക്കുന്നത് അവളുടെ ശാരീരികമായ വ്യക്തിത്വത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഡൽഹി ഹൈക്കോടതി. ഗർഭം അലസിപ്പിക്കാനുള്ള സ്ത്രീയുടെ സ്വയംഭരണാധികാരം സംരക്ഷിച്ചുകൊണ്ടുള്ള ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണയുടെ നിർണ്ണായക വിധിയുടെ ഭാഗമായാണ് നിരീക്ഷണം.ഭർത്താവുമായുള്ള തർക്കത്തെത്തുടർന്ന് 14 ആഴ്ച പ്രായമായ ഗർഭം അലസിപ്പിച്ച യുവതിക്കെതിരെ ഭർത്താവ് നൽകിയ ക്രിമിനൽ കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതി ഉത്തരവ്. വിവാഹബന്ധത്തിലെ അസ്വാരസ്യങ്ങൾ നിലനിൽക്കെ ഗർഭച്ഛിദ്രം നടത്തുന്നത് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 312-ാം വകുപ്പ് പ്രകാരം കുറ്റകരമല്ലെന്ന് കോടതി വ്യക്തമാക്കി.മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി നിയമപ്രകാരം ഗർഭം അലസിപ്പിക്കാൻ ഭർത്താവിന്റെ സമ്മതം ആവശ്യമില്ലെന്ന് കോടതി ഓർമ്മിപ്പിച്ചു. സ്ത്രീയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനാണ് നിയമം മുൻഗണന നൽകുന്നത്.ഗർഭം തുടരണമോ എന്നത് സ്ത്രീയുടെ മാത്രം തീരുമാനമാണ്. ഇതിൽ നിർബന്ധം ചെലുത്തുന്നത് ഗുരുതരമായ മാനസികാഘാതത്തിന് ഇടയാക്കുമെന്നും കോടതി നിരീക്ഷിച്ചു.പുരുഷാധിപത്യ ലോകത്തെ കഠിനമായ യാഥാർത്ഥ്യങ്ങൾ വിസ്മരിക്കാനാവില്ലെന്നും, അവിചാരിതമായ ഗർഭധാരണമുണ്ടാകുമ്പോൾ അതിന്റെ ഭാരം പലപ്പോഴും സ്ത്രീകൾക്ക് മാത്രമാണെന്നും കോടതി പറഞ്ഞു.വിവാഹബന്ധത്തിലെ അസ്വാരസ്യങ്ങൾ സ്ത്രീയുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നതിനാൽ അത്തരം സാഹചര്യത്തിൽ ഗർഭച്ഛിദ്രത്തിന് അവൾക്ക് പൂർണ്ണ അവകാശമുണ്ടെന്നും വിധിന്യായത്തിൽ പറയുന്നു.
ഗർഭച്ഛിദ്രം സ്ത്രീയുടെ മൗലികാവകാശം; നിർബന്ധിക്കുന്നത് ശാരീരിക കടന്നുകയറ്റമെന്ന് ഡൽഹി ഹൈക്കോടതി
