കൊച്ചി: ചെറിയ അളവിൽ മയക്കുമരുന്ന് കൈവശംവെച്ചതിന്റെ പേരിൽ സ്ഥിരം കുറ്റവാളിയായോ ഗുണ്ടയായോ കണ്ട് കാപ്പ നിയമപ്രകാരം തടവിലാക്കേണ്ടതുണ്ടോ എന്നത് ഹൈക്കോടതിയുടെ അഞ്ചംഗ ഫുൾ ബെഞ്ച് പരിശോധിക്കുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് പി. ഗോപിനാഥ്, ജസ്റ്റിസ് എ. ബദറുദ്ദീൻ, ജസ്റ്റിസ് എം.ബി. സ്നേഹലത, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്.കുറഞ്ഞ അളവിൽ മയക്കുമരുന്ന് സൂക്ഷിച്ചതിന്റെപേരിൽ ഗുണ്ടയായോ സ്ഥിരം മയക്കുമരുന്ന് കൈകാര്യംചെയ്യുന്ന കുറ്റവാളിയായോ കാണാനാകില്ലെന്ന് വിലയിരുത്തി മൂന്നംഗബെഞ്ച് നേരത്തേ കാപ്പ നിയമപ്രകാരമുള്ള തടവുശിക്ഷ റദ്ദാക്കിയിരുന്നു. എന്നാൽ, പിന്നീട് ചില ബെഞ്ചുകൾ ഈ ഉത്തരവിൽ ആശങ്ക പ്രകടിപ്പിച്ചു. ഇതോടെയാണ് വിഷയം അഞ്ചംഗബെഞ്ചിന്റെ പരിശോധനയ്ക്കുവിട്ടത്. ഗൗരവകരമായി പരിഗണിക്കേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ട അഞ്ചംഗബെഞ്ച് വിഷയം അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റി.
ചെറിയ അളവിൽ മയക്കുമരുന്ന്; ഗുണ്ടയായി കാണേണ്ടതുണ്ടോ? ഹൈക്കോടതി അഞ്ചംഗബെഞ്ച് പരിശോധിക്കുന്നു
