ന്യൂഡല്‍ഹി: കേസുകളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പ്രാഥമിക അന്വേഷണം നിർബന്ധമില്ലെന്ന് സുപ്രീംകോടതി. എഫ്.ഐ.ആറിന് മുൻപ് പ്രാഥമിക അന്വേഷണം നടത്തണമെന്ന ലളിതകുമാരി കേസിലെ സുപ്രധാന വിധി എല്ലാ കേസുകൾക്കും ബാധകമല്ലെന്ന് ജസ്റ്റിസുമാരായ വിക്രംനാഥ്, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഗുരുതര കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന കേസുകളിൽ വാറന്റ് ആവശ്യമില്ലാതെ തന്നെ അറസ്റ്റ് ചെയ്യാൻ കഴിയുന്ന കേസുകളിൽ പ്രാഥമിക അന്വേഷണം ഇല്ലാതെ തന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇത് നിയമം കൈവരിക്കുന്ന പോലീസിന്റെ ബാദ്ധ്യതയാണ്.
കഠിന്യം കുറഞ്ഞ കുറ്റങ്ങൾ ആരോപിക്കുന്ന പരാധികളിൽ കൂടുതൽ അന്വേഷണം നടത്താനാണ് പ്രാഥമിക അന്വേഷണം എന്ന നിർദ്ദേശം ലളിത കുമാരി കേസ് മുന്നോട്ട വെച്ചതെന്ന് സുപ്രീം കോടതി വ്യക്തമാക്കി.ഭൂമി തട്ടിപ്പ് കേസിന്റെ ഭാഗമായി ഗുജറാത്തിലെ മുൻ ഐ.എ.സ് ഉദ്യോഗസ്ഥനായ പ്രദീപ് നിരങ്കർനാഥ് ശർമ്മയുടെ ജാമ്യം തള്ളിക്കൊണ്ടാണ് കോടതി നിലപാട് വ്യക്തമാക്കിയത്. കേസെടുത്തത് പ്രാഥമിക അന്വേഷണം നടത്താതെയാണെന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്റെ വാദം കോടതി നിരസിച്ചു.